കോലിയുടെ വമ്പൻ റെക്കോർഡുകൾക്ക് ഒപ്പമെത്തി ബട്‍ലർ; കലാശപ്പോരിനായി കാത്ത് ആരാധകർ

അഹമ്മദാബാദ്: വിരാട് കോലിയുടെ വമ്പൻ റെക്കോർഡുകൾക്ക് ഒപ്പമെത്തി രാജസ്ഥാൻ റോയൽസിന്റെ സ്റ്റാർ ബാറ്റർ ജോസ് ബട്‍ലർ. ഇന്നലെ ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ആർസിബിയുടെ നെഞ്ച് തകർത്ത് നേടിയ സെഞ്ചുറിയോടെയാണ് കോലി കോട്ട കെട്ടി കാത്തിരുന്ന റെക്കോർഡുകൾക്ക് ഒപ്പം ബട്‍ലർ തന്റെ പേര് കൂടെ എഴുതി ചേർത്തത്. ഒരു ട്വന്റി 20 സീരിസിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേട്ടം എന്ന റെക്കോർഡ് കോലിയും ബ‌‌ട്‍ലറും ഇപ്പോൾ പങ്കിടുകയാണ്.

ആർസിബിക്കായി 2016ൽ അസാധ്യ ഫോമിൽ കളിച്ച കോലി നാല് സെഞ്ചുറികൾ നേടിയിരുന്നു. അതിനൊപ്പമാണ് ഇപ്പോൾ ബട്‍ലറും എത്തിയത്. കൂടാതെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള കോലിക്ക് ഒപ്പമെത്താനും ഇന്നലത്തെ സ്റ്റൈലിഷ് പ്രകടനത്തിലൂടെ താരത്തിന് സാധിച്ചു.

ഇരുവർക്കും ഐപിഎല്ലിൽ അഞ്ച് സെഞ്ചുറികളായി. ആറ് സെഞ്ചുറികളുമായി യൂണിവേഴ്സൽ ബോസ് എന്ന് വാഴ്ത്തപ്പെടുന്ന ക്രിസ് ​ഗെയിലാണ് ഒന്നാമതുള്ളത്. ഐപിഎൽ കലാശ പോരിൽ ​ഗുജറാത്ത് ടൈറ്റൻസിന് എതിരെ ഇറങ്ങുമ്പോൾ തന്റെ പേരിൽ റെക്കോർഡുകൾ വാരിക്കൂട്ടാൻ ബട്‍ലർക്ക് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Top