ഐപിഎല്‍ മെഗാ താരലേലം ഫെബ്രുവരിയില്‍; ബെംഗളൂരു വേദിയൊരുക്കും

മുംബൈ: ഐപിഎല്‍ 15-ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ഇത്തവണ ബെംഗളൂരുവില്‍. 2022 ഫെബ്രുവരി 12, 13 തീയതികളിലാകും ലേലം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. മെഗാ താരലേലവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഐപിഎല്‍ അധികൃതര്‍ ടീമുകളെ അറിയിച്ചിട്ടുണ്ട്.

അതേസമയം, മെഗാ താരലേലത്തിന്റെ തീയതിയും സ്ഥലവും ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരി 12ന് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ കൊല്‍ക്കത്തയില്‍വച്ച് ഏകദിന മത്സരത്തില്‍ ഏറ്റുമുട്ടുന്നുണ്ടെങ്കിലും ലേലത്തിന്റെ തീയതി മാറ്റേണ്ടതില്ലെന്നാണ് ഐപിഎല്‍ അധികൃതര്‍ക്കിടയിലെ ധാരണ. ഇക്കാര്യം ടീമുകളെയും അറിയിച്ചിട്ടുണ്ട്.

മെഗാ താരലേലത്തിനു പരിഗണിക്കേണ്ട താരങ്ങളെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ അടുത്തിടെ വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും സംസ്ഥാന അസോസിയേഷനുകള്‍ക്കും കത്തു നല്‍കിയിരുന്നു. ജനുവരി 17നു മുന്‍പ് പേരുകള്‍ നല്‍കാനാണ് നിര്‍ദ്ദേശം.

രണ്ടു പുതിയ ടീമുകള്‍ കൂടി എത്തുന്നതോടെ ഇത്തവണ 10 ടീമുകളാണ് ഐപിഎലില്‍ മത്സരിക്കുന്നത്. ഏതാണ്ട് ആയിരത്തോളം താരങ്ങളുടെ പേരുകളാണ് ഐപിഎല്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അവരില്‍നിന്ന് ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുന്ന 200-250 താരങ്ങളെയാകും ലേലത്തിനു പരിഗണിക്കുക.

Top