ഐപിഎല്‍ വേദികളുടെ കാര്യത്തില്‍ തര്‍ക്കം; അതൃപ്തിയുമായി ടീമുകള്‍

മുംബൈ: ഐപിഎല്‍ പതിനാലാം സീസണ്‍ രാജ്യത്തെ ആറ് വേദികളിലായി നടത്താനുള്ള ബിസിസിഐയുടെ നീക്കത്തിനെതിരെ അതൃപ്തിയുമായി ടീമുകള്‍. ഇക്കാര്യം ടീമുകള്‍ ബിസിസിഐയെ രേഖാമൂലം അറിയിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഐപിഎല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ ആറ് നഗരങ്ങളില്‍ നടത്താനാണ് ബിസിസിഐയുടെ ആലോചന.

വേദികളുടെ കാര്യത്തില്‍ അടുത്തയാഴ്ചത്തെ ഐ പി എല്‍ ഭരണസമിതി യോഗത്തില്‍ തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെതിരെ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ് ടീമുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിസിസിഐ നീക്കം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ബോര്‍ഡിനും ഐപിഎല്‍ ഭരണ സമിതിക്കും പരാതി നല്‍കുമെന്നും ടീമുകള്‍ വ്യക്തമാക്കി.

ആറ് നഗരങ്ങളില്‍ മത്സരങ്ങള്‍ നടത്തിയാല്‍ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ക്ക് ഹോം മത്സരങ്ങള്‍ നഷ്ടമാവും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ടീമുകള്‍ പരാതി നല്‍കാനൊരുങ്ങുന്നത്.

മിക്ക ടീമുകളും ഹോം ഗ്രൗണ്ടില്‍ മികച്ച പ്രകടനം നടത്തുന്നവരാണെന്നും ആറ് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നതെങ്കില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡെല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്ക് മാത്രമാണ് ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം കിട്ടുകയുള്ളൂ എന്നും മറ്റ് ടീമുകള്‍ ചൂണ്ടിക്കാട്ടുന്നു.

 

Top