കാണികള്‍ വേണ്ട, വിദേശ താരങ്ങള്‍ വേണം; ഐപിഎല്‍ 2020 ഒഴിഞ്ഞ സ്റ്റേഡിയത്തില്‍!

കൊറോണാവൈറസ് മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐപിഎല്‍ 2020 മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ബിസിസിഐ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണെങ്കിലും കേന്ദ്ര കായിക മന്ത്രാലയം ജനങ്ങളെ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടാന്‍ തയ്യാറല്ല. കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ വെളിച്ചത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ ഒഴിഞ്ഞ സ്റ്റേഡിയങ്ങളില്‍ നടത്താനാണ് വഴിതെളിയുന്നത്.

ഏപ്രില്‍ 15 വരെ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതോടെ ഐപിഎല്ലില്‍ ഇക്കുറി വിദേശ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. ശനിയാഴ്ച ചേരുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ മത്സരങ്ങള്‍ ഒഴിഞ്ഞ സ്‌റ്റേഡിയത്തില്‍ നടത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. അതുവരെ ഈ വിഷയത്തില്‍ നിശബ്ദത പാലിച്ച് കാത്തിരിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. മുംബൈയില്‍ മാര്‍ച്ച് 29നാണ് ടി20 ടൂര്‍ണമെന്റ് ആരംഭിക്കേണ്ടത്.

എന്നാല്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരാനും, കായിക മത്സരങ്ങളായി വലിയ തോതില്‍ ആളുകള്‍ എത്തുന്നതും ഒഴിവാക്കണമെന്ന് എല്ലാ ക്രിക്കറ്റ് ബോര്‍ഡ് ഉള്‍പ്പെടെ എല്ലാ ദേശീയ ഫെഡറേഷനുകള്‍ക്കും കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ജനക്കൂട്ടം ഇല്ലാത്ത തരത്തില്‍ ടൂര്‍ണമെന്റുകള്‍ നടത്താമെന്ന് കായിക സെക്രട്ടറി രാധെയ് ശ്യാം ജുലാനിയ പറഞ്ഞു.

നയതന്ത്ര, തൊഴില്‍ വിസകള്‍ ഒഴികെയുള്ള എല്ലാ വിസകളും ഇന്ത്യന്‍ ഗവണ്‍മെന്റ് ബുധനാഴ്ച റദ്ദാക്കിയിരുന്നു. കൊറോണാ കേസുകള്‍ പടരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഇതോടെ നിലവിലെ നിബന്ധനകള്‍ പ്രകാരം വിദേശ താരങ്ങള്‍ക്ക് ലീഗില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഐപിഎല്‍ കളിക്കുന്ന വിദേശ താരങ്ങള്‍ക്ക് ബിസിനസ്സ് വിസ കാറ്റഗറിയിലാണ് വിസ.

എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ബിസിസിഐ ഇക്കാര്യത്തില്‍ ഇളവ് വാങ്ങണമെന്നാണ് ഒരു ഐപിഎല്‍ ടീമിന്റെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നത്. കാണികള്‍ക്ക് ടിവിയില്‍ കളികാണാം, പക്ഷെ വിദേശ താരങ്ങള്‍ ഇല്ലാതെ പോയാല്‍ ഐപിഎല്ലിന്റെ ശോഭ കെടും, ഈ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Top