കൊറോണ കളിക്കുമ്പോള്‍ എന്ത് ക്രിക്കറ്റ്! ഐപിഎല്‍ 2020 റദ്ദാക്കിയേക്കും?

ലോകം മുഴുവന്‍ കൊറോണാവൈറസ് പടരുന്ന സാഹചര്യത്തില്‍ സ്തംഭിക്കുകയാണ്. ഇതിനിടെ പല കായിക ടൂര്‍ണമെന്റുകളും റദ്ദാക്കുന്നുണ്ട്. ഇന്ത്യയില്‍ ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കാന്‍ ഇരിക്കവെയാണ് വൈറസ് കളിതുടങ്ങിയത്. രാജ്യത്ത് കൊറോണാവൈറസ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐപിഎല്‍ 13ാം സീസണ്‍ വീണ്ടും വൈകിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ടൂര്‍മെന്റ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 15ലേക്ക് ദീര്‍ഘിപ്പിച്ചിരുന്നു. എന്നാല്‍ ഈ സമയത്തും ടൂര്‍ണമെന്റ് നടക്കില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ വര്‍ഷത്തിന്റെ അവസാനം സ്ഥിതിഗതികള്‍ പരിശോധിച്ച് വെട്ടിക്കുറച്ച രീതിയില്‍ ഈ സീസണ്‍ നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. പണമൊഴുകുന്ന ടൂര്‍ണമെന്റ് ആയത് കൊണ്ട് തന്നെ എങ്ങിനെയെങ്കിലും പരിപാടി സംഘടിപ്പിക്കാനാണ് ബിസിസിഐ താല്‍പര്യപ്പെടുന്നത്. അതേസമയം മാരകമായ വൈറസ് ഇന്ത്യയില്‍ കൂടുതല്‍ വിപത്തുകള്‍ സൃഷ്ടിക്കുന്ന അവസ്ഥ വന്നാല്‍ ഈ സീസണ്‍ റദ്ദാക്കാനും സാധ്യതകളുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് വൈറസ് പോസിറ്റീവായവരുടെ എണ്ണവും ഉയര്‍ന്നു. ഇന്ത്യയുടെ പല ഭാഗങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്, പ്രത്യേകിച്ച് ട്രെയിന്‍, അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസ് എന്നിവ മാര്‍ച്ച് 31 വരെ റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ കായിക പരിപാടികളും ഇതുമൂലം റദ്ദാക്കിയിട്ടുണ്ട്.

ഓരോ ആഴ്ചയും ബോര്‍ഡ് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. ഇതിന്റെ വെളിച്ചത്തിലാകും ഐപിഎല്ലിന്റെ വിധി തീരുമാനിക്കുക. മാര്‍ച്ച് 24ന് ബിസിസിഐസും, ഫ്രാഞ്ചൈസികളും തമ്മില്‍ നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ തീരുമാനം പ്രതീക്ഷിക്കാം.

Top