പുല്‍വാമ ഭീകരാക്രമണം: സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി കിങ്‌സ് ഇലവന്‍

ചണ്ഡീഗഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ പഞ്ചാബ് സ്വദേശികളായ അഞ്ചു സൈനികരുടെ കുടുംബങ്ങള്‍ക്ക് ഐ.പി.എല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബ് അഞ്ചു ലക്ഷം രൂപ വീതം നല്‍കി.

ജയ്മല്‍ സിങ്, സുഖ്ജിന്ദര്‍ സിങ്, മനിന്ദര്‍ സിങ്, കുല്‍വിന്ദര്‍ സിങ്, തിലക് രാജ് എന്നീ സൈനകരുടെ കുടുംബാംഗങ്ങള്‍ക്ക് പഞ്ചാബ് ടീം അധികൃതര്‍ ചെക്ക് കൈമാറി. ടീം ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിനും ചടങ്ങില്‍ പങ്കെടുത്തു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്ലിന്റെ 12ാം പതിപ്പിന്റെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ബി.സി.സി.ഐ ഒഴിവാക്കിയിരുന്നു. ഈ വകയില്‍ ലഭിച്ച 20 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്‍കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.

ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Top