ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന് ; നേട്ടം നാലാം തവണ

ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന് . ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്‍സിന് തോല്‍പിച്ചു. മുംബൈയുടെ നാലാം ഐപിഎല്‍ കിരീടമാണിത്. ചെന്നൈ ഫൈനലില്‍ തോല്‍ക്കുന്നത് അഞ്ചാം തവണയാണ്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബെെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 149 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നെെക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 148 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. മുംബെെക്കായി ബൂംറ രണ്ട് വിക്കറ്റ് എടുത്തു. രാഹുൽ ചഹാർ, മലിംഗ, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

അവസാന ഓവറിലെ നാലാം പന്തിൽ ഇല്ലാത്ത റണ്ണിനോടിയ വാട്സനെ ക്രുണാല്‍ എറിഞ്ഞ് വീഴ്ത്തിയപ്പോൾ, അവസാന പന്തിൽ രണ്ട് റൺ വേണ്ടിടത്ത്, പന്ത് നേരിട്ട താക്കൂറിനെ മലിംഗ എൽ.ബി.ഡ്ബ്ല്യൂവിൽ കുരുക്കി. പൊള്ളാർഡാണ് (25 പന്തിൽ നിന്നും 41) മുംബെെക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. മൂന്ന് വീതം സിക്സും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പൊള്ളാർഡിന്റെ ഇന്നിങ്സ്.

ഓപ്പണർമാരായ ഡികോക്കും (17 പന്തിൽ നിന്ന് 29) രോഹിത്ത് ശർമ്മയും (14 പന്തിൽ നിന്നും 15) മികച്ച തുടക്കം നൽകി സ്കോർ ബോർഡിന്‍റെ വേഗം കൂട്ടിയെങ്കിലും, തുടർന്ന് റൺ കണ്ടെത്താൻ പാടുപെടുന്ന മുംബെെയെ ആണ് കണ്ടത്. സൂര്യകുമാർ യാദവ് (17 പന്തിൽ നിന്നും 15), ഇഷാൻ കിഷൻ (26 പന്തിൽ നിന്ന് 23), ക്രുണാൽ പാണ്ഡ്യ (7 പന്തിൽ നിന്നും 7), ഹാർദിക് പാണ്ഡ്യ (10 പന്തിൽ നന്നും 16) എന്നിവർ നിലയുറപ്പിക്കും മുമ്പേ മടങ്ങി.

Top