ഐപിഎല്‍ താരലേലം ഇന്ന്; കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നത് 9കളിക്കാര്‍

രാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അടുത്ത വര്‍ഷത്തെ ഐപിഎല്ലിനുള്ള താരലേലം ഇന്ന് നടക്കും. എട്ട് ടീമുകള്‍ക്ക് അമ്പത് ഇന്ത്യന്‍ താരങ്ങളെയും ഇരുപത് വിദേശ താരങ്ങളെയും ലേലത്തിലൂടെ സ്വന്തമാക്കാനാവും. ബെംഗളൂരുവിന് പകരം ഇത്തവണ ജയ്പൂരിലാണ് താരലേലം നടക്കുക. വന്‍ താരനിര അണിനിരക്കുന്ന ലേലത്തില്‍ കേരളത്തില്‍ നിന്ന് 9 കളിക്കാരാണുള്ളത്. മൊത്തം 226 താരങ്ങള്‍ ലേലത്തില്‍ ഉണ്ട്.

നടക്കാന്‍ പോകുന്ന പന്ത്രണ്ടാം ലേലത്തില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ള താരപങ്കാളിത്തമുണ്ട്. 145. 25 കോടി രൂപയാണ് ടീമുകള്‍ക്ക് ആകെ ചെലവഴിക്കാനാവുക. 2 കോടി രൂപ അടിസ്ഥാനവിലയുള്ള 9 താരങ്ങളാണു ലേലത്തട്ടില്‍ ആദ്യമെത്തുക. മക്കല്ലവും മലിംഗയും കറനുമെല്ലാം നിരക്കുന്ന ഈ ഗണത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. പോയ വര്‍ഷം 11.5 കോടി നേടിയ ജയ്‌ദേവ് ഉനദ്കടാണ് ഉയര്‍ന്ന അടിസ്ഥാനവിലയുള്ള ഇന്ത്യന്‍ താരം 1.5 കോടി രൂപ.

ഡെയ്ല്‍ സ്റ്റെയ്‌നും ജോണി ബെയര്‍‌സ്റ്റോയും ഉള്‍പ്പെടെ 10 താരങ്ങള്‍ 1.5 കോടിക്കു ലേലത്തിനെത്തും. ഒരു കോടി വിലയിട്ടിട്ടുള്ള 19 താരങ്ങളില്‍ യുവരാജ് സിങ്ങും മുഹമ്മദ് ഷമിയും ഉള്‍പ്പെടെ 5 ഇന്ത്യക്കാരുണ്ട്. യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, ജെ പി ഡുമിനി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ലേലത്തിനുണ്ടാവും

23 താരങ്ങളെ നിലനിര്‍ത്തിയ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ട് താരങ്ങളേയേ സ്വന്തമാക്കാനാവൂ. 8.4 കോടി രൂപയാണ് ചെന്നൈക്ക് പരമാവധി ചെലവഴിക്കാനാവുക. 11 താരങ്ങളെ ഒഴിവാക്കിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനാണ് ഇത്തവണ കൂടുതല്‍ താരങ്ങളെ ലേലത്തില്‍ വിളിക്കാനാവുക.

36.20 കോടി രൂപയാണ് കിംഗ്‌സിന് ചെലവഴിക്കാനാവുക. ഇത്തവണ ലേലം ഒരു ദിവസം മാത്രമേ ഉണ്ടാകുക. ഇത്തവണത്തെ ഐപിഎല്‍ പൂര്‍ണമായോ, ഭാഗികമായോ വിദേശത്ത് നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

Top