സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ആശ്വാസജയം

ന്യൂഡല്‍ഹി യുവരാജ് സിങ് നടത്തിയ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടിയ 185 റണ്‍സ് ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടായ ശ്രമത്തിന്റെ മികവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ആറു വിക്കറ്റിന് മറികടന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനമായിരുന്ന ഡല്‍ഹിക്ക് ഏറെ ആശ്വാസം പകര്‍ന്ന വിജയമാണിത്.

ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. യുവി 41 പന്തില്‍ 70 റണ്‍സെടുത്തു- 11 ഫോറും ഒരു സിക്‌സും. വ്യക്തഗിത സ്‌കോര്‍ 29ല്‍ നില്‍ക്കെ യുവരാജിനെ സഞ്ജു സാംസണ്‍ കൈവിട്ടു.

മോയ്‌സസ് ഹെന്റിക്വസിനൊപ്പം (18 പന്തില്‍ 25) നാലാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടുകെട്ട്. അവസാന ഓവറില്‍ സണ്‍റൈസേഴ്‌സ് നേടിയത് 52 റണ്‍സ്. ദക്ഷിണാഫ്രിക്കന്‍ ബോളര്‍ കാഗിസോ റബാദ 18,20 ഓവറുകളിലായി വാങ്ങിയത് 39 റണ്‍സ്.

മലയാളി താരങ്ങളായ സഞ്ജു സാംസണും (24) കരുണ്‍ നായരും(39) ഓപ്പണിങ് വിക്കറ്റില്‍ 40 റണ്‍സ് നേടി ഡല്‍ഹിക്ക് മികച്ച തുടക്കം നല്‍കി. ഋഷഭ് പന്ത്(34), ശ്രേയസ് അയ്യര്‍(33) എന്നിവരും മികച്ച പ്രകടനം നടത്തി. 24 പന്തുകളില്‍ 41 റണ്‍സടിച്ച കോറി ആന്‍ഡേഴ്‌സണും ഏഴു പന്തുകളില്‍ 15 റണ്‍സെടുത്ത ക്രിസ് മോറിസും ചേര്‍ന്നു ടീമിനെ വിജയത്തിലെത്തിച്ചു.

Top