ഐപിഎല്‍ 12-ാം സീസണ്‍; ഉദ്ഘാടന മത്സരം ഇന്ന് വൈകിട്ട് ആരംഭിക്കും

ചെന്നൈ: 12-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി എട്ടു മണിക്ക് ചെന്നൈയിലെ ചെപ്പോക്ക്
സ്‌റ്റേഡിയത്തില്‍ മത്സരത്തിന് തുടക്കമാവും.

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യത്തെ മത്സരം നടക്കുക. ചെന്നൈയുടെ തലവന്‍ ധോണിയും ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വീരാട് കൊഹ്‌ലിയും ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

നാലു തവണ രണ്ടാം സ്ഥാനക്കാരായിരുന്ന ചെന്നൈ ധോണിയുടെ കീഴില്‍ മൂന്ന് തവണ ചാമ്പ്യന്മാരും ആയിട്ടുണ്ട്. രണ്ടു തവണ ഫൈനലിലെത്തിയിട്ടുള്ള ബാംഗ്ലൂര്‍ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഈ ഐപിഎല്ലിനെ നേരിടുന്നത്.

മെയ് 5നാണ് മത്സരങ്ങള്‍ അവസാനിക്കുന്നത്. എല്ലാ ടീമുകളും സ്വന്തം ഹോം ഗ്രൗണ്ടില്‍ 7 മത്സരങ്ങള്‍ വീതം കളിക്കും. ചെന്നൈയില്‍ മെയ് 12നാകും ഫൈനലെന്നാണ് സൂചന.

ഏകദിന ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ നടക്കുന്ന ഐപിഎല്‍ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ജൂണ്‍ 5നാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. മെയ് 22നാണ് ഇന്ത്യന്‍ ടീം ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് യാത്രയാവുക.

Top