ഐഫോണിലെ ഗുരുതരമായ പാളിച്ച; ഫെയ്‌സ് ഐഡിയെ കബളിപ്പിക്കാം

ഫോണുകളിലെ ഗുരുതരമായ പാളിച്ച കണ്ടെത്തി ടെന്‍സന്റ് ഗവേഷകര്‍. ഫെയ്സ്ഐഡി എന്ന മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയെ കണ്ണട ഉപയോഗിച്ചു കബളിപ്പിക്കാമെന്നാണ് കണ്ടെത്തല്‍. ഈ പ്രശ്‌നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണുവാനുള്ള ശ്രമമാണ് ആപ്പിള്‍ എഞ്ചിനീയര്‍മാര്‍ നടത്തുന്നതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം സമാപിച്ച ബ്ലാക് ഹാറ്റ് സുരക്ഷാ സമ്മേളനത്തിനിടയിലാണ് ടെന്‍സന്റിലെ ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്. ത്രെറ്റ് പോസ്റ്റ് (Threat Post) വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ കണ്ണട ധരിച്ച് ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കണ്ണിന്റെ ഭാഗത്തെ ഡേറ്റാ ശേഖരിക്കുന്നില്ല എന്നാണ് കണ്ടെത്തല്‍. ഫെയ്സ്ഐഡിയില്‍ ആപ്പിള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളില്‍ ഒന്നാണ് liveness detection. ഒരാളുടെ ഫോട്ടോയാണോ മുന്നില്‍ പിടിച്ചിരിക്കുന്നത് എന്ന് ഫോണ്‍ തിരിച്ചറിയുന്നത് ഈ ഫീച്ചറിലൂടെയാണ്.

ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം, ഒരാള്‍ കണ്ണട വച്ച ശേഷം തന്റെ മുഖം സ്‌കാന്‍ ചെയ്യുമ്പോള്‍ ഐഫോണുകളുടെ ഫെയ്സ്ഐഡി സിസ്റ്റം ലൈവ്നസ് ഫീച്ചര്‍ ഉപയോഗിച്ചു കണ്ണു സ്‌കാന്‍ ചെയ്യുന്ന രീതിക്കു മാറ്റം വരുന്നു. കണ്ണടയുടെ ലെന്‍സില്‍ കറുത്ത ടേപ്പ് ഒട്ടിക്കുകയും, അതിന് ഉള്‍വശത്ത് വെളുത്ത ടേപ്പ് ഒട്ടിക്കുകയും ചെയ്താണ് ഫെയ്സ്ഐഡിയെ കബളിപ്പിച്ചത്. ഇത്തരം കണ്ണട ഇരയുടെ മുഖത്തു വച്ച്, ഐഫോണുകള്‍ അണ്‍ലോക് ചെയ്യാമെന്നാണ് ഗവേഷകര്‍ കാണിച്ചുകൊടുത്തത്. ഇങ്ങനെ അണ്‍ലോക് ചെയ്യുന്ന ഐഫോണില്‍ വേണ്ടതെല്ലാം തുറന്നു കിട്ടുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ആപ്പിള്‍ ഇതേപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Top