ആപ്പിളിന്റെ പോക്കറ്റിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകൾ

സ്മാര്‍ട്ട് ഫോണുകള്‍ക്ക് വലുപ്പം കൂടുന്നത് ഉപയോക്താക്കളില്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നത് കണക്കിലെടുത്താണ് ആപ്പിള്‍ കമ്പനി  പോക്കറ്റിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണ്‍ എന്ന ആശയത്തിന്മേല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഐഫോണ്‍ എസ് ഇ(2020) മാര്‍ക്കറ്റില്‍ അവതരിപ്പിച്ചത്. 2016-ല്‍ ആപ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ എസ് ഇ മോഡലിന്റെ പിന്‍ഗാമിയായിരുന്നു പുതിയ എസ് ഇ (2020) മോഡല്‍.  അതെസമയം, ചെറിയ ഐഫോണ്‍ വേണമെന്ന ആവശ്യമുള്ളവര്‍ക്ക് ഐഫോണ്‍ 12 ശ്രേണിയിലെ ഐഫോണ്‍ 12 മിനിയും ആശ്വാസമായി അവതരിപ്പിച്ചിട്ടുണ്ട് ആപ്പിള്‍. കൂട്ടത്തില്‍ കുഞ്ഞനായ ഐഫോണ്‍ 12 മിനിയ്ക്ക് ഐഫോണ്‍ എസ് ഇ(2020)യെക്കാള്‍ വിലക്കൂടുതലാണ്.

131.5 x 64.2 x 7.4 mm ആണ് ഐഫോണ്‍ 12 മിനിയുടെ വലുപ്പം. എന്നാല്‍ ഐഫോണ്‍ എസ് ഇ (2020)യുടെ വണ്ണം 138.4 x 67.3 x 7.3 mm ആണ്. മിനി മോഡലിന് 135 ഗ്രാം ഭാരമുള്ളപ്പോള്‍ ഐഫോണ്‍ എസ് ഇ (2020)യ്ക്ക് 148 ഗ്രാം ആണ് ഭാരം. ഇരുഫോണുകള്‍ക്കും ഗ്ലാസ് മുന്‍ഭാഗവും പിന്‍ഭാഗവും അലുമിനിയം ഫ്രെയ്മാണ്. കൂടാതെ IP68 പൊടി/വെള്ളം പ്രതിരോധിക്കാനുള്ള സെര്‍ട്ടിഫിക്കേഷനും ഇരു ഫോണുകള്‍ക്കുമുണ്ട്.

750 x 1334 പിക്‌സല്‍ റസല്യൂഷനുള്ള, 4.7 ഇഞ്ച് വലിപ്പമുള്ള 326 പിപിഐ ഡെന്‍സിറ്റിയുള്ള റെറ്റിന എച്ഡി എല്‍സിഡി ഡിസ്‌പ്ലേയാണ് ഐഫോണ്‍ എസ് ഇ (2020)യില്‍ ആപ്പിള്‍ നല്‍കിയിരിക്കുന്നത്. അതേസമയം, വലിപ്പത്തില്‍ കുഞ്ഞന്‍ ആണെങ്കിലും ഡിസ്പ്ലേയുടെ കാര്യത്തില്‍ ഐഫോണ്‍ എസ് ഇ (2020)യേക്കാളും ബഹുദൂരം മുന്നിലാണ് ഐഫോണ്‍ 12 മിനി. 1080 x 2340 പിക്‌സല്‍ റസല്യൂഷനും 19.5:9 ആസ്‌പെക്ട് റേഷ്യോയും 476 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയുമുള്ള 5.4 ഇഞ്ച് സ്‌ക്രീന്‍ ആണ് ഐഫോണ്‍ 12 മിനിയ്ക്ക്. സൂപ്പര്‍ റെറ്റിന XDR ഒഎല്‍ഇഡി, എച്ഡിആര്‍ 10 ഡിസ്പ്ലേയാണിത്.

ഐഫോണ്‍ 5-ന് സമാനമായി മെറ്റല്‍ എഡ്ജ് ഡിസൈനാണ് ഐഫോണ്‍ 12. ഐഫോണ്‍ 8-ന്റെ ഡിസൈന്‍ അടിസ്ഥാനമാക്കിയാണ് ഐഫോണ്‍ എസ് ഇ (2020) തയ്യാറാക്കിയിരിക്കുന്നത്. കറുപ്പ്, നീല, പച്ച, പ്രോഡക്റ്റ് (റെഡ്), വെളുപ്പ് നിറങ്ങളിലാണ് ഐഫോണ്‍ 12 മിനി വില്പനക്കെത്തിയിരിക്കുന്നത്. വൈറ്റ്, ബ്ലാക്ക്, റെഡ് എന്നിങ്ങനെയാണ് ഐഫോണ്‍ എസ് ഇ (2020) ലഭിക്കുന്നത്.

ഐഫോണ്‍ 11 സീരിസില്‍ നല്‍കിയിരിക്കുന്ന ആപ്പിള്‍ A13 ബയോണിക് ചിപ്പ് ആണ് ആപ്പിള്‍ ഐഫോണ്‍ എസ് ഇയിലും. പുത്തന്‍ ഐപാഡ് എയറിലൂടെ അരങ്ങേറ്റം കുറിച്ച A14 ബയോണിക് ചിപ്പ് ആണ് ഐഫോണ്‍ 12 മിനിയുടേത്. ഇതോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വൈഡ്-ആംഗിള്‍, അള്‍ട്രാ വൈഡ്-ആംഗിള്‍ ഷൂട്ടറുകളുള്ള 12-മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഐഫോണ്‍ 12 മിനിയ്ക്ക്. 12-മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും മിനി മോഡലിന്റെ പ്രത്യേകതയാണ്.ഒരു ഫുള്‍ ചാര്‍ജില്‍ 12 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, 18W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന 1,821 mAh ആണ് ഐഫോണ്‍ എസ് ഇയുടെ ബാറ്ററി കപ്പാസിറ്റിയെങ്കില്‍, 20W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന 2227 mAh ബാറ്ററിയാണ് ഐഫോണ്‍ 12 മിനിയില്‍. ഈ ബാറ്ററി 15 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് ഐഫോണ്‍ 12 മിനിയ്ക്ക് നല്‍കുമെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഐഫോണ്‍ എസ് ഇ (2020) വാങ്ങാനാവുക. ഇതില്‍ 64 ജിബിക്ക് 39,900 രൂപ, 128 ജിബി ഫോണിന് 44,900 രൂപ, 256 ജിബി മോഡലിന് 54,900 രൂപ എന്നിങ്ങനെയാണ് വില. ഐഫോണ്‍ 12 മിനിയുടെ വിലകള്‍ യഥാക്രമം 64 ജിബി -69,900 രൂപ, 128 ജിബി-74,900 രൂപ, 256 ജിബി-84,900 രൂപ എന്നിങ്ങനെയാണ്. വിലയുടെ കാര്യത്തില്‍ ഐഫോണ്‍ 12 മിനി തീര്‍ച്ചയായും മുന്നിലാണ്. ലോകത്തിലെ ഏറ്റവും ചെറുതും കനംകുറഞ്ഞതുമായ 5ജി സ്മാര്‍ട്ട്ഫോണാണ് ഐഫോണ്‍ 12 മിനി എന്നാണ് ആപ്പിള്‍ അവകാശപെടുന്നത്.

Top