യൂണിടാക്ക് എംഡിക്കെതിരെ ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഐഫോണ്‍ ലഭിച്ചെന്ന വിവാദത്തില്‍ രമേശ് ചെന്നിത്തല യൂണിടാക് എംഡി സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ചു. പതിനഞ്ച് ദിവസത്തിനകം പ്രസ്ഥാവന പിന്‍വലിച്ച് മാപ്പ് പറയണം.

ഏറ്റവും കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കണം. അല്ലാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും ചെന്നിത്തല വക്കീല്‍ നോട്ടീസില്‍ അറിയിച്ചു.

ആരോപണത്തിന് പിന്നില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്തോഷ് ഈപ്പനും തമ്മിലുള്ള ബന്ധമാണെന്നും ചെന്നിത്തല പറയുന്നു. ഇപ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന് തടസ്സമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.

യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച റെയ്‌സിങ് ഡേ ചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ അവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വാങ്ങിയിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.

Top