ഇന്ത്യയില്‍ ഐഫോണ്‍ 13 ബുക്കിങ്ങില്‍ ആപ്പിളിന് റെക്കോര്‍ഡ് നേട്ടം

ന്ത്യയില്‍ പുതിയ ഐഫോണ്‍ 13 ഹാന്‍ഡ്‌സെറ്റുകളുടെ ബുക്കിങ്ങില്‍ ആപ്പിളിന് റെക്കോര്‍ഡ് നേട്ടം. സെപ്റ്റംബര്‍ 17 നാണ് ഇന്ത്യയില്‍ ഐഫോണ്‍ 13 സീരീസിന്റെ ബുക്കിങ് തുടങ്ങിയത്. ഐഫോണ്‍ 13 സീരീസിന് കഴിഞ്ഞ വര്‍ഷത്തെപ്പോലെ വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യമെമ്പാടുമുള്ള ആപ്പിള്‍ ആരാധകരില്‍ നിന്ന് വന്‍ പ്രതികരണമാണ് ലഭിച്ചതെന്നും വിശ്വസനീയമായ റീട്ടെയില്‍ വ്യാപാര വൃത്തങ്ങള്‍ പറഞ്ഞു. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തില്‍, കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണില്‍ ഐഫോണ്‍ 12 നു ലഭിച്ചതു പോലുള്ള പ്രതികരണം ഐഫോണ്‍ 13 സീരീസും ലഭ്യമാക്കിയെന്നാണ്.

പുതിയ ഐഫോണിന്റെ ബുക്കിങ് മൊത്തത്തിലുള്ള ഐഫോണ്‍ വില്‍പനയില്‍ വലിയൊരു വിഹിതം കാണാമെന്നും ഇത് ഇന്ത്യയിലെ ഉത്സവ സീസണില്‍ ആപ്പിളിന് ശക്തമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്നതിന്റെ സൂചനയാണെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഡയറക്ടര്‍ തരുണ്‍ പതക് പറഞ്ഞു. സെപ്റ്റംബര്‍ 24 മുതല്‍ നാല് പുതിയ ഐഫോണുകളും ലഭ്യമാകും. വരാനിരിക്കുന്ന ഉത്സവ സീസണില്‍ ഐഫോണ്‍ 12 സീരീസും തൊട്ടുപിന്നാലെ ഐഫോണ്‍ 13, 13 പ്രോയും ആയിരിക്കും മുന്നേറ്റം നടത്തുക എന്നുമാണ് ഐഡിസി ഇന്ത്യയുടെ റിസര്‍ച്ച് ഡയറക്ടര്‍ നവകേന്ദര്‍ സിങ് പറഞ്ഞത്.

ഐഫോണ്‍ 13 സീരീസ് 69,900 രൂപയില്‍ തുടങ്ങി പ്രോ മാക്‌സിന് 1,29,900 രൂപ വരെയാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 13 മിനിയുടെ 128 ജിബി പതിപ്പിന് 69,900 രൂപയും 256 ജിബിക്ക് 79,900 രൂപയുമാണ് വില. 512 ജിബി പതിപ്പിന് 99,900 രൂപയാണ് വില.

ഐഫോണ്‍ 13 ന്റെ 128 ജിബി സ്റ്റോറേജിന് 79,900 രൂപ, 256 ജിബിക്ക് 89,900 രൂപ, 512 ജിബി ഓപ്ഷന് 1,09,900 രൂപ എന്നിങ്ങനെയാണ് വില. ഐഫോണ്‍ 13 പ്രോ സീരീസിന്റെ അടിസ്ഥാന മോഡലായ 128 ജിബി വേരിയന്റിന് 1,19,900 രൂപയാണ് വില. മറ്റ് സ്റ്റോറേജ് പതിപ്പുകളുടെ വില: 1,29,900 (256 ജിബി), 1,49,900 രൂപ (512 ജിബി), 1,69,900 രൂപ (1ടിബി) എന്നിങ്ങനെയാണ്.
ഐഫോണ്‍ 13 പ്രോ മാക്‌സിന്റെ 128 ജിബി സ്റ്റോറേജിന് 1,29,900 രൂപ, 256 ജിബിക്ക് 1,39,900 രൂപ, 512 ജിബിക്ക് 1,59,900 രൂപയുമാണ് വലി. 1,79,900 രൂപ വിലയുള്ള ഐഫോണ്‍ 13 പ്രോ മാക്‌സിന്റെ 1 ടിബി പതിപ്പാണ് ഏറ്റവും വിലകൂടിയ ഐഫോണ്‍.

ഇന്ത്യന്‍ വിപണിയിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് ആപ്പിള്‍ ഇപ്പോള്‍ കാഴ്ചവെക്കുന്നത്. ഇന്ത്യയിലെ വിപണിക്ക് ആപ്പിള്‍ കാര്യമായി പരിഗണനയും നല്‍കുന്നുണ്ട്. പുതിയ ഐഫോണ്‍ 13 സീരീസിന്റെ പെട്ടെന്നുള്ള ലഭ്യതയും പഴയ തലമുറ ഐഫോണ്‍ 12 സീരീസിലെ കിഴിവുകളും ഇതിന്റെ സൂചയാണ്.

 

Top