ഐ.പി.സിയും സി.ആര്‍.പി.സിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ഹൈദരാബാദ്: കൊലപാതകം ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഐ.പി.സിയും സി.ആര്‍.പി.സിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. ഇത്തരം കേസുകളിലെ കീഴ്ക്കോടതി ശിക്ഷയ്ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനാകുന്ന വിധത്തിലുള്ള ഭേഭഗതിക്കും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ കീഴ്ക്കോടതി വിധികള്‍ക്കെതിരെ വിവിധ മേല്‍ക്കോടതികളിലും പിന്നീട് ഹൈക്കോടതിയിലും ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലും പ്രതികള്‍ അപ്പീല്‍ പോകുന്നതിനാല്‍ ശിക്ഷ നടപ്പിലാക്കുന്നത് വല്ലാതെ വൈകുന്ന സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഐ.പി.സിയിലും സി.ആര്‍.പി.സിയിലും വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച കരട് ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് തയ്യാറാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ നിര്‍ദ്ദേശവും ക്ഷണിച്ചിട്ടുണ്ട്.

ബ്രിട്ടീഡ് ഭരണകാലത്ത് ഐ.പി.സിയും സി.ആര്‍.പി.സിയും രൂപീകരിച്ച അതേപടി തന്നെയാണ് ഇപ്പോഴും നടപ്പിലാക്കിവരുന്നത്. ഇതില്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു. തെലുങ്കാനയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

Top