ഒളിംപിക്സ് റദ്ദാക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ്

ടോക്കിയോ: ഒളിംപിക്സ് റദ്ദാക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ്. ഒളിംപിക്സ് റദ്ദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്നാണ് തോമസ് ബാഷ് വ്യക്തമാക്കിയത്. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാഷ് പ്രതികരിച്ചത്.

കൊറോണ ഭീതി വ്യാപകമെങ്കിലും, ഗെയിംസ് നടത്താന്‍ കഴിയുന്ന സാധ്യതകള്‍ ഐഒസി ഇപ്പോഴും തേടുകയാണെന്നും ബാഷ് പറഞ്ഞു. ഇപ്പോഴേ ഗെയിംസ് നീട്ടിവയ്ക്കേണ്ട തീരുമാനം എടുക്കേണ്ടതില്ലെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം സ്വീകരിച്ചാകും അന്തിമ തീരുമാനമെന്നും ബാഷ് വ്യക്തമാക്കി.

സാമ്പത്തിക താത്പര്യം അല്ല കായികതാരങ്ങളുടെയും ആരാധകരുടെയും ആരോഗ്യം പരിഗണിച്ചാകും അന്തിമ തീരുമാനം എടുക്കുക എന്നും ബാഷ് കൂട്ടിച്ചേര്‍ത്തു. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ടോക്കിയോ ഒളിംപിക്സ് തീരുമാനിച്ചിരിക്കുന്നത്.

കൊറോണ ഭീതിയിലും ഒളിംപിക്‌സ് ദീപശിഖയും വഹിച്ചുകൊണ്ടുള്ള വിമാനം ഗ്രീസില്‍ നിന്നും ഇന്നലെ ജപ്പാനിലെത്തിയിരുന്നു. ആഘോഷപരിപാടികള്‍ ഒന്നുമില്ലാതെയും ആളും ആരവവുമില്ലാതെയുമാണ് ദീപശിഖ ജപ്പാനിലെത്തിയത്. വ്യോമത്താവളത്തില്‍ എത്തിച്ചദീപശിഖ, ഒളിംപിക് മെഡല്‍ ജേതാക്കളായ തദാഹിറ നൊമുറയും, സവോറി യോഷിദയും ചേര്‍ന്നായിരുന്നു ഏറ്റുവാങ്ങിയത്.

Top