മുന്ദ്ര തുറമുഖത്ത് നിന്ന് പാനിപതിലേക്ക് ‘ക്രൂഡ് ഓയിൽ പൈപ്‌ലൈൻ’ സ്ഥാപിക്കാനൊരുങ്ങി ഐഒസി

മുംബൈ: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ഹരിയാനയിലെ പാനിപതിലേക്ക് ക്രൂഡ് ഓയിൽ പൈപ്‌ലൈൻ സ്ഥാപിക്കാൻ ഐഒസി. 9028 കോടി മുതൽമുടക്കിയാണ് ഈ ദീർഘദൂര പൈപ്‌ലൈൻ സ്ഥാപിക്കുന്നത്. വിദേശത്ത് നിന്നും ഗുജറാത്തിലെ മുന്ദ്ര തീരത്ത് എത്തിക്കുന്ന ക്രൂഡ് ഓയിൽ ഹരിയാനയിലെ ഐഒസിയുടെ റിഫൈനറിയിലേക്ക് എത്തിക്കാനാണ് തീരുമാനം.

60000 കിലോ ലിറ്റർ സംഭരണ ശേഷിയുള്ള ഒൻപത് ക്രൂഡ് ഓയിൽ ടാങ്കുകളും ഐഒസി മുന്ദ്ര തീരത്ത് പണിയും. രാജ്യത്തെ ക്രൂഡ് ഓയിൽ സംഭരണ ശേഷി വികസിപ്പിക്കാൻ ഇതിലൂടെ ഐഒസിക്ക് സാധിക്കും. ഇതടക്കമാണ് 9028 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 20 ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഈ തീരുമാനം അംഗീകരിച്ചതായും ഐഒസി വ്യക്തമാക്കി.

പാനിപതിലെ റിഫൈനറിയുടെ ശേഷി വർധിപ്പിക്കാനാണ് ഐഒസി ശ്രമിക്കുന്നത്. ഇവിടുത്തെ സംസ്കരണ ശേഷി നിലവിൽ പ്രതിവർഷം 15 ദശലക്ഷം ടണ്ണാണ്. ഇത് 25 ദശലക്ഷം ടണ്ണായി ഉയർത്താനാണ് ശ്രമം. പോളിപ്രൊപിലെൻ യൂണിറ്റും കാറ്റലിറ്റിക് ഡിവാക്സിങ് യൂണിറ്റും സ്ഥാപിക്കുന്നുണ്ട്. ഇവ 2024-25 ഓടെ പൂർത്തിയാക്കാനാണ് തീരുമാനം. നിലവിൽ 15000 കിലോമീറ്റർ ദൂരത്ത് ക്രൂഡ് ഓയിൽ, പെട്രോളിയം, ഗ്യാസ് പൈപ്‌ലൈനാണ് ഐഒസിക്കുള്ളത്.

Top