ഐ ഒ സി തമിഴ്‌നാട്ടില്‍ 7,112 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്

Indian-Oil-Corporation

ചെന്നൈ: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി) ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തിന്റെ വിപുലീകരണത്തിനായി തമിഴ്‌നാട്ടില്‍ 7,112 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഐ ഒ സി യും, ഗ്രൂപ്പ് കമ്പനിയായ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ചേര്‍ന്ന് 37,112 കോടി രൂപയുടെ നിക്ഷേപം നടത്താനും പദ്ധതിയുണ്ട്.

പൈപ്പ് ലൈനുകളുടെ വിപുലീകരണം, പെട്രോള്‍, ഡീസല്‍ എന്നിവ കൈകാര്യം ചെയ്യാനുള്ള കൂടുതല്‍ സൗകര്യങ്ങള്‍, പി ഒ എല്‍( പെട്രോളിയം, ഓയില്‍സ്, ലുബ്രിക്കന്റ്‌സ്) ടെര്‍മിനലുകളുടെ വിപുലീകരണം തുടങ്ങിയവയ്ക്കാണ് തുക വിനിയോഗിക്കുകയെന്ന് തമിഴ്‌നാട്, പുതുച്ചേരി മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ സിദ്ധാര്‍ത്ഥന്‍ വ്യക്തമാക്കി. ചെന്നൈ പെട്രോളിയം കമ്പനിയുടെ നരിമാനത്ത് സ്ഥിതി ചെയ്യുന്ന റിഫൈനറിയുടെ ശേഷി പ്രതിവര്‍ഷം ഒമ്പത് മില്യണ്‍ ടണ്ണായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഏകദേശ മുതല്‍മുടക്ക് 30,000 കോടി രൂപയാണ്. കോയമ്പത്തൂര്‍, സേലം നഗരങ്ങളിലെ പാചക വാതക വിതരണ ശൃംഖലയിലും കമ്പനി നിക്ഷേപം നടത്തും. എന്നോര്‍ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നും വ്യവസായികാവശ്യങ്ങള്‍ക്ക് ഗ്യാസ് എത്തിക്കാന്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേ സമയം എന്നോറിലെ എല്‍ എന്‍ ജി ടെര്‍മിനലിന്റെ ശേഷി പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ടണ്ണായി വര്‍ധിപ്പിക്കാന്‍ ഐ ഒ സിയുടെ സംയുക്ത സംരംഭത്തിന് 5,151 കോടി രൂപ നിക്ഷേപിക്കുന്നതിനും പ്രത്യേക പദ്ധതിയുണ്ട്. പദ്ധതി ഡിസംബറോടെ പൂര്‍ത്തീയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top