ആശങ്ക വേണ്ട; നിലവിലെ സാഹചര്യത്തിലും പാചകവാതകം മുടങ്ങില്ലെന്ന് അധികൃതര്‍

കൊച്ചി: രാജ്യത്തുണ്ടായ നിയന്ത്രണവും ലോക്ഡൗണും മൂലം പാചക വാതക വിതരണം മുടങ്ങില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി). എല്‍.പി.ജി യഥാസമയം ലഭിക്കാന്‍ സംവിധാനം സുസജ്ജമാണ്. അടിയന്തര സഹായത്തിന് 1906 എന്ന എമര്‍ജന്‍സി സര്‍വിസ് സെല്‍ നമ്പറില്‍ വിളിക്കാം. പെട്രോളിയം ഉല്‍പന്നങ്ങളായ േെപട്രാള്‍, ഡീസല്‍, ഫ്യൂവല്‍ ഓയില്‍, ബിറ്റുമിന്‍ എന്നിവക്ക് ആവശ്യക്കാര്‍ ഗണ്യമായി കുറഞ്ഞു.

വിമാന സര്‍വിസുകള്‍ റദ്ദാക്കിയതിനാല്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ ആവശ്യകതയിലും വന്‍ ഇടിവുണ്ട്. എന്നാല്‍, പാചകവാതക ആവശ്യം വര്‍ധിക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ ഐ.ഒ.സിയുടെ എല്ലാ റിഫൈനറികളിലും അസംസ്‌കൃത എണ്ണ സംസ്‌കരണം 25 മുതല്‍ 30 ശതമാനം വരെ ക്രമീകരിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ പിന്‍വലിക്കുന്ന മുറക്ക് ഉണ്ടാകാവുന്ന വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് മതിയായ ശേഖരം ഉറപ്പാക്കിയിട്ടുണ്ടെന്നും ഐ.ഒ.സി അധികൃതര്‍ അറിയിച്ചു. ഐ.ഒ.സിയുടെ എല്ലാ റിഫൈനറികളിലും എല്‍.പി.ജി ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.

സിലിണ്ടര്‍ വിതരണവും ഇതനുസരിച്ച് ക്രമീകരിച്ചു. സിലിണ്ടറുകള്‍ സുലഭമായതിനാല്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.ഒ.സി വ്യക്തമാക്കി. ടാങ്ക്-ട്രക്ക് നീക്കം, എല്‍.പി.ജി സിലിണ്ടര്‍ വിതരണം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാവിധ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. കമ്പനിയുടെ േെപട്രാള്‍ പമ്പുകളില്‍ നാമമാത്ര ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പ്രധാന എണ്ണ ശുദ്ധീകരണ ശാലകളിമാത്രമാണ് കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുള്ളത്.

Top