കോമൺവെൽത്ത് ​ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: കോമൺവെൽത്ത് ​ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം അവസാനം ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിലാണ് പോരാട്ടം. താരങ്ങലും ഒഫീഷ്യൽസുമടക്കം 322 അംഗ ഇന്ത്യൻ സംഘത്തെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് (ഐഒഎ) പ്രഖ്യാപിച്ചത്.

215 കായിക താരങ്ങളും ഒഫീഷ്യൽസും സപ്പോർട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. ജൂലൈ 28 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് കോമൺവെൽത്ത് ഗെയിംസ്. 2018ൽ ഗോൾഡ് കോസ്റ്റിൽ നടന്ന ഗെയിംസിൽ മെഡൽ വേട്ടയിൽ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

കരുത്തുറ്റ സംഘത്തെയാണ് ഇത്തവണ കോമൺവെൽത്ത് ഗെയിംസിന് അയക്കുന്നതെന്നും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ഷൂട്ടിങ് ഗെയിംസിൽ മത്സരയിനമല്ലെങ്കിലും കഴിഞ്ഞ തവണത്തേതിൽ നിന്ന് നില മെച്ചപ്പെടുത്തനാവുമെന്നാണ് പ്രതീക്ഷയെന്നും ഐഒഎ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.

അഞ്ച് ഗെയിംസ് വില്ലേജുകളിലായിട്ടായിരിക്കും ഇന്ത്യൻ സംഘം താമസിക്കുക. അതേസമയം, വനിതാ ക്രിക്കറ്റ് ടീമിന് ബിർമിങ്ഹാമിൽ പ്രത്യേക താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്രയാണ് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തുക.

ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര, പി സിന്ധു, മിരാഭായ് ചാനു, ലോവ്‌ലിന ബോർഗോഹെയ്ൻ, ബജ്റങ് പുനിയ, രവികുമാർ ദഹിയ, മനിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദർപാൽ സിങ്, ഹിമ ദാസ്, അമിത് പങ്കാൽ എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ സംഘം.

ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻറ് രാജേഷ് ബണ്ഡാരിയാണ് സംഘത്തിൻറെ ചീഫ് ഡി മിഷൻ. 15 ഇനങ്ങളിലും പാരാ വിഭാഗത്തിൽ നാല് ഇനങ്ങളിലുമാണ് ഇന്ത്യ ഗെയിംസിൽ മത്സരിക്കുക. ടീം അംഗങ്ങളിൽ ഭൂരിഭാഗം പേരും ഇപ്പോൾ തന്നെ ബിർമിങ്ഹാമിൽ എത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്.

Top