കുരുക്ക് മുറുകുന്നു ; ചിദംബരത്തിന്റെ ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി. ഹര്‍ജി സുപ്രിം കോടതി പരിഗണിക്കാന്‍ വൈകിയാല്‍ ചിദംബരത്തിന് അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടിവരും.

അതേസമയം ഇന്ന് രാവിലെ പത്ത് മണിയോടെ സുപ്രിം കോടതിയെ സമീപിക്കുന്നുണ്ടെന്നും അതുവരെ നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നും ചിദംബരത്തിന്റെ അഭിഭാഷകന്‍ സി.ബി.ഐക്ക് കത്തയച്ചു.

ഇതിനിടെ ചിദംബരത്തിന്റെ വീട്ടില്‍ ചൊവ്വാഴ്ച അര്‍ധരാത്രി സിബിഐ നോട്ടീസ് പതിപ്പിച്ചിരുന്നു. ‘രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം’ എന്നാവശ്യപ്പെട്ടുള്ള നോട്ടീസാണ് ഡല്‍ഹി ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വസതിയില്‍ പതിച്ചിരിക്കുന്നത്.

എന്നാല്‍ പി ചിദംബരം ഇപ്പോഴെവിടെയാണെന്ന് ആര്‍ക്കുമറിയില്ല. നിലവില്‍ അദ്ദേഹം വീട്ടിലില്ലെന്നാണ് ലഭിക്കുന്ന മറുപടി.

വൈകിട്ടോടെ സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും അവിടെയില്ലെന്ന് മറുപടി കിട്ടിയ ശേഷം മടങ്ങിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് സംഘം എത്തി. സിബിഐ മടങ്ങിയതിന് പിന്നാലെയാണ് ജോര്‍ബാഗിലെ വസതിയിലേക്ക് നാലംഗഎന്‍ഫോഴ്സ്മെന്റ് സംഘമെത്തിയത്.

2007ല്‍ കേന്ദ്ര ധനമന്ത്രിയായിരിക്കേ ചിദംബരം 305 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിലാണ് ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് പ്രതിചേര്‍ത്തത്. കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയാണ്. ഇരുവര്‍ക്കും അറസ്റ്റില്‍ നിന്ന് കോടതി ഇതുവരെ സംരക്ഷണം നല്‍കിയിരുന്നു.

ജസ്റ്റീസ് സുനില്‍ ഗൗറിന്റേതാണ് വിധി. ജനുവരി 25 മുതല്‍ പരിഗണനയിലിരിക്കുന്ന ഹര്‍ജിയില്‍ ചിദംബരത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന നിലപാടാണ് എന്‍ഫോഴ്‌സ്‌മെന്റും സി.ബി.ഐയും സ്വീകരിച്ചിരുന്നത്.

Top