പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

chithambaram

ന്യൂഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സി.ബി.ഐ കോടതിയില്‍ ചിദംബരത്തെ ഹാജരാക്കും. കഴിഞ്ഞ 2 ആഴ്ചയായി ചിദംബരം തിഹാര്‍ ജയിലിലാണ്. കേസില്‍ ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ സി.ബി.ഐ പൂര്‍ത്തിയാക്കിയിരുന്നു.

ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതിനെ ചിദംബരം എതിര്‍ത്തേക്കും. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജാമ്യത്തിനായി ചിദംബരം ഹൈക്കോടതിയെ സമീപിച്ചതിനാല്‍ തത്കാലം ഇഡി കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ല. തിങ്കളാഴ്ചയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക.

ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ എന്ന കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കുന്നതിന് അനധികൃതമായി പി ചിദംബരം ഇടപെട്ടെന്നാണ് കേസ്.

Top