ഐ.എന്‍.എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന നടപടിക്രമങ്ങള്‍ക്ക് ഒടുവിലാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി രജിസ്ട്രാറുടെ ഉത്തരവ് പുറത്തുവന്നത്. ഇതോടെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സിബിഐ നീക്കം തല്‍കാലം ഉണ്ടാവില്ലെന്നാണ് സൂചന.

മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജിയില്‍ പിഴവുള്ളതിനാല്‍ കേസ് ഇന്ന് പരിഗണിക്കാനാവില്ലെന്ന് നേരത്തെ ജസ്റ്റിസ് എ.കെ രമണ വ്യക്തമാക്കിയിരുന്നു. പിന്നീട് പിഴവ് തിരുത്തി നല്‍കിയ ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതിനും പരിഗണിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് വൈകുന്നേരത്തോടെ കേസ് ലിസ്റ്റ് ചെയ്തത്.

അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണ കേസ്‌നേരത്തെചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഇത് തിരികെ രമണയുടെ ബെഞ്ചിലേയ്ക്ക് മടക്കി. തുടര്‍ന്ന് ഉച്ച കഴിഞ്ഞാണ് കേസ് സംബന്ധിച്ച് അഭിഭാഷകരുടെ ചോദ്യത്തിന് മറുപടിയായി കേസ് ചൊവ്വാഴ്ച പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് രമണ വ്യക്തമാക്കിയത്.

ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണു ചിദംബരത്തിനെതിരായ സി.ബി.ഐ. കേസ്. 4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്സിലേക്ക് ഒഴുകിയെത്തിയത്. പിന്നീട്, ഐ.എന്‍.എക്സില്‍നിന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ്

Top