ഐഎന്‍എക്സ് മീഡിയ കേസ്; ഉപാധികളോടെ ജാമ്യം,ചിദംബരം ഇന്ന് ജയില്‍ മോചിതനാകും

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തിന് ഉപാധികളോടെ ജാമ്യം. ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ നേരത്തെ ജാമ്യം ലഭിച്ച ചിദംബരം ഇതോടെ ജയില്‍ മോചിതനാകും.

അന്വേഷണത്തോട് സഹകരിക്കണം, രണ്ട്‌ലക്ഷം രൂപ കെട്ടിവെക്കണം,രാജ്യംവിട്ട് പോകരുത്,പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ നല്‍കണം എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.ഇതേ ബെഞ്ചാണ് ഐ.എന്‍.എക്‌സ്. ഇടപാടിലെ സി.ബി.ഐ. കേസിലും ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലായിരുന്നു വിധി.എ.എസ് ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റംഗങ്ങള്‍. എ.എസ്.ബൊപ്പണ്ണയാണ് ജാമ്യ വിധി വായിച്ചത്.

ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ഡല്‍ഹി റോസ് അവന്യൂ കോടതി ചിദംബരത്തിന്റെ ജ്യുഡീഷ്യല്‍ കസ്റ്റഡി റിമാന്റ് അടുത്ത 11 വരെ നീട്ടിയിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ചിദംബരത്തിന് നേരത്തെ ജാമ്യം നല്‍കിയിരുന്നു.

ഓഗസ്റ്റ് 21ന് ആണ് അഴിമതിക്കേസില്‍ പി. ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ 5ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് മാറ്റി. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്‌സ് മീഡിയ.

Top