ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി; അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി.ചിദംബരത്തെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കി. അദ്ദേഹത്തിന്റെ വൈദ്യ പരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു.

ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ചിദംബരത്തിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ചോദ്യം ചെയ്യലുമായി ചിദംബരം സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

അത്യധികം നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ചിദംബരത്തെ അറസ്റ്റ് ചെയ്തത്. എ.ഐ.സി.സി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയ ശേഷം വീട്ടിലെത്തിയ ചിദംബരത്തെ പിന്തുടര്‍ന്നെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. മതില്‍ ചാടിക്കടന്നായിരുന്നു സി.ബി.ഐ ചിദംബരത്തിന്റെ വസതിയില്‍ കയറിയത്.

സി.ബി.ഐ ആസ്ഥാനത്ത് രാത്രി തന്നെ ചിദബംരത്തെ എത്തിച്ചു. അറസ്റ്റിന് ശേഷം സി.ബി.ഐ ആസ്ഥാനത്ത് വെച്ചുതന്നെ ചിദംബരത്തിന്റെ വൈദ്യപരിശോധന ഉള്‍പ്പെടെ നടത്തി. സി.ബി.ഐ ഡയറക്ടര്‍ ആര്‍. കെ ശുക്ല ജോയിന്റ് ഡയറക്ടര്‍ അമിത് കുമാര്‍ എന്നിവരും രാത്രി തന്നെ സി.ബി.ഐ ആസ്ഥാനത്ത് എത്തിയിരുന്നു.

നേരത്തെ, ചിദംബരത്തിന്റെ ഹര്‍ജി അടിയന്തരമായി ഇന്ന് പരിഗണിക്കാന്‍ സാധിക്കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

ചിദംബരത്തിന്റെ ഹര്‍ജിയ്‌ക്കെതിരെ സി.ബി.ഐ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സി.ബി.ഐക്ക് നോട്ടീസ് നല്‍കാതെ ഒരു തീരുമാനവും എടുക്കരുതെന്നാണ് തടസ്സ ഹര്‍ജിയില്‍ സി.ബി.ഐ ആവശ്യപ്പെട്ടത്. പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയായിരുന്നു ചിദംബരത്തിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ രംഗത്തെത്തിയത്.

ധനമന്ത്രിയായിരിക്കെ, ഐ.എന്‍.എക്‌സ്. മീഡിയ എന്ന മാധ്യമസ്ഥാപനത്തിനു വഴിവിട്ട് വിദേശനിക്ഷേപം നേടാന്‍ അവസരമൊരുക്കിയെന്നാണു സി.ബി.ഐ. കേസ്. 4.62 കോടി രൂപ സ്വീകരിക്കാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 305 കോടി രൂപയാണ് ഐ.എന്‍.എക്‌സിലേക്ക് ഒഴുകിയെത്തിയത്. പിന്നീട്, ഐ.എന്‍.എക്‌സില്‍നിന്ന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കു പണം ലഭിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിലേക്കു നയിച്ചത്. ഇടപാടിലെ അഴിമതിയെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റാണ്.

Top