ഐഎന്‍എക്‌സ് മീഡിയാ കേസ്: ചോദ്യം ചെയ്യലിന്റെ പകര്‍പ്പ് തേടി പി.ചിദംബരം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പി ചിദംബരം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. 2018 ഡിസംബര്‍, 2019 ജനുവരി മാസങ്ങളില്‍ മൂന്ന് തവണ നടത്തിയ ചോദ്യം ചെയ്യലിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ചിദംബരം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ചോദ്യം ചെയ്യലിനോട് ചിദംബരം സഹകരിച്ചിട്ടുണ്ടോ എന്ന് കോടതിക്ക് ബോധ്യപ്പെടാന്‍ ഇത് അനിവാര്യമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലത്തിന് ചിദംബരം കോടതിയില്‍ മറുപടി ഫയല്‍ ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്.

അതേസമയം പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസം കൂടിയാണ് നീട്ടി നല്‍കിയത്. സിബിഐ പ്രത്യേക കോടതിയുടേതാണ് തീരുമാനം. മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.

Top