ഐഎന്‍എക്‌സ് കേസ്: ചിദംബരത്തെ നവംബര്‍ 29വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

chidambaram

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി കോടതി. അറസ്റ്റില്‍നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉത്തരവ്. നവംബര്‍ 29വരെ ചിദംബരത്തെ അറസ്റ്റു ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.

2007 ല്‍ പി.ചിദംബരം ധനമന്ത്രിയായിരുന്ന സമയത്ത് ഇന്ദിരാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്‌സ് മീഡിയ കമ്പനിക്ക് 305 കോടിരൂപയുടെ വിദേശ നിക്ഷേപം ലഭിച്ചതില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്നും കമ്പനിയെ വഴിവിട്ടു സഹായിച്ചതിന് കാര്‍ത്തി ചിദംബരം കോഴ വാങ്ങിയെന്നുമാണ് കേസ്. കാര്‍ത്തി ചിദംബരം 10 ലക്ഷം രൂപ കോഴവാങ്ങി ഇടപെടല്‍ നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ഈ കേസില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. പത്തു ലക്ഷത്തിന്റെ ബോണ്ടില്‍ ഡല്‍ഹി ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. നിലവില്‍ ഐഎന്‍എക്‌സ് തട്ടിപ്പ് കേസില്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്ന പി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും നവംബര്‍ 1 വരെ ഇടക്കാല ജാമ്യത്തിലാണ്.

അതേസമയം കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ഇന്ത്യ, യുകെ, സ്‌പെയിന്‍ എന്നിവയിലേതടക്കം 54 കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.

കൊടൈക്കനാലിലും ഊട്ടിയിലുമുളള സ്വത്തുക്കള്‍, ഡല്‍ഹി ജോര്‍ബാഗിലെ ഫ്‌ലാറ്റ്, യുകെയിലെ വീടും കോട്ടേജും, സ്‌പെയിനിലെ ബാഴ്‌സലോണയിലുളള ടെന്നിസ് ക്ലബ് എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. അഡ്വന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ചെന്നൈയിലെ ബാങ്കിലുണ്ടായിരുന്ന 90 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റും കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

Top