സിപിഐഎമ്മിന്റെ പലസ്തീന്‍ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്; പിഎംഎ സലാം

കോഴിക്കോട്: സിപിഐഎമ്മിന്റെ പലസ്തീന്‍ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീം ലീഗ്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീന്‍ വിഷയത്തില്‍ ആരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ നിലപാട്. എന്നാല്‍ സിപിഐഎം പരിപാടിയിലേക്ക് പോകാന്‍ ലീഗ് താത്പര്യം പ്രകടിപ്പിച്ചത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.

നവംബര്‍ 11ന് കോഴിക്കോടാണ് സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത ഉള്‍പ്പെടെയുള്ള വിവിധ സാമുദായിക സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്.

Top