യുദ്ധഭൂമിയിലെ സൈനികരെ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യയുമായി ദക്ഷിണകൊറിയ

യുദ്ധഭൂമിയില്‍ സൈനികരെ അപ്രത്യക്ഷമാക്കുന്ന സാങ്കേതിക വിദ്യയുമായി ദക്ഷിണകൊറിയന്‍ ഗവേഷകര്‍. പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന കൃതൃമ ചര്‍മ്മം ധരിക്കുന്ന സൈനികരെ തെര്‍മല്‍ ക്യാമറകള്‍ വഴി ശത്രുക്കള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല. അഞ്ച് നിമിഷത്തിനകം ചുറ്റുമുള്ള പ്രകൃതിക്കനുസരിച്ച് ഊഷ്മാവില്‍ മാറ്റം വരുത്തി തെര്‍മല്‍ ക്യാമറകള്‍ക്ക് കാണാനാവാത്ത രീതിയിലേക്ക് മാറുന്ന കൃത്രിമ ചര്‍മ്മമാണ് ദക്ഷിണ കൊറിയ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പിക്സലൈസ്ഡ് സ്‌ക്രീനും അവക്കുള്ളില്‍ ഊഷ്മാവില്‍ മാറ്റം വരുത്താന്‍ ശേഷിയുള്ള തെര്‍മോക്രോമിക് ലിക്യുഡ് ക്രിസ്റ്റലുകളും ചേര്‍ന്നാണ് ഈ കൃത്രിമ ചര്‍മ്മം നിര്‍മിക്കുക. പ്രത്യേക തരം മൈക്രോ ക്യാമറയുടെ സഹായത്തിലാണ് ചുറ്റുമുള്ള പ്രകൃതിയെ തിരിച്ചറിഞ്ഞ് അതില്‍ അലിഞ്ഞ് ചേരാന്‍ ഈ കൃത്രിമ ചര്‍മ്മത്തിന് സാധിക്കുന്നതെന്ന് ഗവേഷക സംഘം പറഞ്ഞു.

ചുറ്റുമുള്ള വസ്തുക്കളുടെ നിറങ്ങള്‍ക്കനുസരിച്ച് സ്വയം നിറം മാറാന്‍ കഴിയുന്ന സെഫാലോപോഡ് വിഭാഗത്തില്‍ പെടുന്ന ജീവികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗവേഷകര്‍ ഈയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. അഡ്വാന്‍സ്ഡ് ഫങ്ഷണല്‍ മെറ്റീരിയല്‍സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മനുഷ്യശരീരത്തോട് ചേര്‍ന്ന് നില്‍ക്കാവുന്ന രീതിയില്‍ വളയ്ക്കാനും മറ്റും സാധിക്കുന്ന തരം വസ്തുക്കളാണ് ഈ കൃത്രിമ ചര്‍മ്മത്തിന്റെ നിര്‍മാണത്തിനു ഉപയോഗിച്ചിരിക്കുന്നത്. ഈ ചര്‍മ്മത്തിനുള്ളിലെ തെര്‍മോ ഇലക്ട്രിക് യൂണിറ്റ് വഴി ആവശ്യമുള്ള സമയത്ത് ചൂടാവുകയോ തണുപ്പിക്കുകയോ ചെയ്യാനാവും. ഈ ഊഷ്മാവിലെ വ്യതിയാനത്തെ ആസ്പദമാക്കി ചുവപ്പ്, പച്ച, നീല നിറങ്ങളും മാറി മറിയും.

കൈപ്പത്തിക്കുള്ളില്‍ ഈ കൃത്രിമചര്‍മ്മം വെച്ച് നടത്തിയ പരീക്ഷണം വിജയമായിരുന്നു. കൈപ്പത്തിയില്‍ ഈ കൃത്രിമചര്‍മ്മം വെച്ചഭാഗം ഒരു തുളപോലെ അനുഭവപ്പെട്ടു. അതേസമയം അതിശൈത്യവും അത്യുഷ്ണവുമുള്ള പ്രദേശങ്ങളില്‍ ഈ കൃത്രിമ ചര്‍മ്മം അപ്രത്യക്ഷമാകാന്‍ സഹായിക്കില്ല. വൈകാതെ ഈ കുറവുകൂടി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയും പഠനത്തിന് നേതൃത്വം നല്‍കിയ സിയോല്‍ സര്‍വകലാശാലയിലെ സ്യോങ് വാന്‍ കോ പ്രകടിപ്പിച്ചു.

Top