കേരള രാഷ്ട്രീയത്തിന്റെ അജയ്യനായ മുഖം: ഉമ്മന്‍ചാണ്ടി

കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത ഒരു വിടവ് തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം. ഏതു പാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താനാവുന്ന സ്വാതന്ത്ര്യത്തിന്റെ മറുപേരായിരുന്നു പുതുപ്പളളിക്കാര്‍ക്ക് ഉമ്മന്‍ചാണ്ടി. അതുകൊണ്ട് തന്നെയാണ് തുടര്‍ച്ചയായി അമ്പത്തിമൂന്നു ആ മണ്ഡലത്തില്‍ മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ അവിടെയുള്ള ജനങ്ങള്‍ തയ്യാറാവാത്തതും. അത്രയ്ക്ക് ജനപ്രിയനായിരുന്നു പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. പുതുപ്പള്ളി എന്നും നിന്നത് കോണ്‍ഗ്രസിനൊപ്പമല്ല, ഉമ്മന്‍ചാണ്ടിക്കൊപ്പമായിരുന്നു. പുതുപ്പള്ളി എംഎല്‍എയായി 53 വര്‍ഷം പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന ഉമ്മന്‍ചാണ്ടി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായ വ്യക്തി എന്ന റെക്കോര്‍ഡാണ് സ്ഥാപിച്ചത്. രണ്ട് തവണ കേരള മുഖ്യമന്ത്രി പദത്തില്‍. നാല് തവണ മന്ത്രി.

പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ യൂണിറ്റ് സെക്രട്ടറിയായി തുടക്കം. 1962ല്‍ പത്തൊന്‍പതാം വയസ്സില്‍ കോട്ടയം ജില്ലാ സെക്രട്ടറി. ഇരുപത്തിരണ്ടു വയസ്സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും 1967ല്‍ സംസ്ഥാന പ്രസിഡന്റും. പിണറായി വിജയന്‍ നയിച്ച കെഎസ് എഫും ഉമ്മന്‍ചാണ്ടി നയിച്ച കെഎസ് യുവും ആയിരുന്നു അന്നു കേരളത്തിന്റെ കൗമാരമുഖം. കെഎസ്എഫില്‍ നിന്ന് കെവൈഎസിലേക്കു പിണറായി വിജയന്‍ മാറിയ അതേവര്‍ഷം ഉമ്മന്‍ചാണ്ടി യൂത്ത് കോണ്‍ഗ്രസിനേയും നയിക്കാന്‍ തുടങ്ങി. 1970ല്‍ ഇരുവരും ആദ്യമായി നിയമസഭയില്‍. 1970 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പുതുപ്പള്ളിയില്‍ നിന്ന് പന്ത്രണ്ട് തവണ തുടര്‍ച്ചയായി നിയമസഭയിലെത്തിയതാണ് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരള രാഷ്ട്രീയത്തിന്റെ അജയ്യനായ മുഖങ്ങളിലൊന്നാക്കി മാറ്റിയത്.

Top