കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് ഇന്ന് മുതല്‍ പണം നല്‍കും; 50 കോടിയുടെ പാക്കേജാണ് ബാങ്ക് നടപ്പാക്കുന്നത്

തൃശ്ശൂര്‍: സര്‍ക്കാരിന്റെ പുതിയ പാക്കേജ് പ്രകാരം കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് ഇന്ന് തുടങ്ങും. അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ നവംബര്‍ 11 മുതല്‍ പിന്‍വലിക്കാം. അന്‍പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപങ്ങളാണ് പിന്‍ കഴിയുക. 21,190 സേവിങ്‌സ് നിക്ഷേപകര്‍ക്ക് പൂര്‍ണമായും 2448 പേര്‍ക്ക് ഭാഗികമായും പണം തിരികെ നല്‍കുമെന്നാണ് ബാങ്ക് വാഗ്ദാനം. സേവിങ്ങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് നവംബര്‍ 20 ന് ശേഷം അന്‍പതിനായിരം വരെ പിന്‍വലിക്കാനാണ് അനുമതി.

50 കോടിയുടെ പാക്കേജാണ് നടപ്പാക്കുന്നത്. നിലവില്‍ 17.4 കോടി രൂപയാണ് ബാങ്കിന്റെ കൈവശമുള്ളത്. നിക്ഷേപകര്‍ക്ക് പണം നല്‍കും. ബാക്കി തുക വരും ദിവസങ്ങളില്‍ എത്തുമെന്നാണ് ബാങ്ക് അറിയിക്കുന്നത്. പണം വാങ്ങുന്നവര്‍ക്ക് തുക താത്പര്യമുണ്ടെങ്കില്‍ ബാങ്കില്‍ തന്നെ പുതുക്കി നിക്ഷേപിക്കാനും അവസരമൊരുക്കുമെന്ന് ബാങ്ക് അറിയിച്ചു.

ഡിസംബര്‍ ഒന്നു മുതല്‍ ഒരു ലക്ഷം രൂപയ്ക്കുമേല്‍ നിക്ഷേപമുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപങ്ങള്‍ക്ക് തുകയുടെ നിശ്ചിത ശതമാനവും പലിശയും കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്. ഈ പാക്കേജ് പ്രകാരം 21190 പേര്‍ക്ക് പൂര്‍ണമായും തുക പിന്‍വലിക്കാനും 2448 പേര്‍ക്ക് ഭാഗികമായി തുക പിന്‍വലിക്കാനും അവസരമുണ്ടാകും. കുടിശ്ശിക വായ്പകള്‍ തിരിച്ചുപിടിച്ച് പണം കണ്ടെത്തുമെന്നും സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് തുടങ്ങിയവയിലൂടെ പണം സമാഹരിക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

Top