മാന്ദ്യ ഭയം വിപണിയിൽ പിടിമുറുക്കുന്നു; നിക്ഷേപകർ ആശങ്കയിൽ

ദില്ലി: ആഗോള വിപണികളിലെ ദുർബലമായാ സൂചനകൾക്കൊടുവിൽ ആഭ്യന്തര വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പ്രധാന സൂചികകളായ എൻഎസ്ഇ നിഫ്റ്റി 0 18,100 ന് മുകളിൽ ക്ലോസ് ചെയ്തപ്പോൾ ബിഎസ്ഇ സെൻസെക്സ് 60,900 ന് താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 187.31 പോയിന്റ് അല്ലെങ്കിൽ 0.31 ശതമാനം താഴ്ന്ന് 60,858.43 ൽ വ്യാപാരം അവസാനിച്ചു. നിഫ്റ്റി 57.50 പോയിന്റ് അല്ലെങ്കിൽ 0.32 ശതമാനം നഷ്ടത്തിൽ 18,107.85 ൽ വ്യാപാരം അവസാനിച്ചു.

50 ഓഹരികളുള്ള നിഫ്റ്റിയിൽ 15 ഓഹരികൾ മുന്നേറി, 34 എണ്ണം ഇടിഞ്ഞു, ഒരു ഓഹരി മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ കോൾ ഇന്ത്യ, ഒഎൻജിസി, യുപിഎൽ, ബിപിസിഎൽ, ടാറ്റ സ്റ്റീൽ എന്നിവ നേട്ടം കൈവരിച്ചു. അതേസമയം, അദാനി എന്റർപ്രൈസസ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി പോർട്ട്‌സ് എന്നിവ നഷ്ടത്തിലുമാണ്.

മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി പിഎസ്‌യു ബാങ്ക് 0.34 ശതമാനം മുന്നേറി. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് 0.58 ശതമാനം ഉയർന്നു. നിഫ്റ്റി മീഡിയ, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി മെറ്റൽ എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. വിശാലമായ വിപണികളിലും വിൽപന സമ്മർദ്ദം നിലനിന്നിരുന്നു. നിഫ്റ്റി മിഡ് ക്യാപ് 34.70 പോയിന്റ് അഥവാ 0.11 ശതമാനം ഇടിഞ്ഞ് 31,344.60 ൽ അവസാനിച്ചു.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ താഴ്ന്ന് 81.37 എന്ന നിലയിലെത്തി. ബുധനാഴ്ചത്തെ സെഷനിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 81.30 എന്ന നിലയിലായിരുന്നു. ആറ് കറൻസികളുടെ ഒരു കുട്ടയ്‌ക്കെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.21 ശതമാനം താഴ്ന്ന് 102.14 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.94 ശതമാനം ഇടിഞ്ഞ് 84.18 ഡോളറായി.

Top