നിക്ഷേപസൌഹൃദ സംസ്ഥാനമായി കേരളം മാറിയതായി മുഖ്യമന്ത്രി

ദുബായ്: നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളത്തെ ഇന്ത്യയിലെ മുന്‍ നിര സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ്സ് കമ്പനിയുടെ നേതൃത്വത്തില്‍ ദുബായില്‍ സംഘടിപ്പിച്ച നോണ്‍ റസിഡന്റ് കേരളൈറ്റ്സ് എമര്‍ജിങ് എന്റര്‍പ്രനേഴ്സ് മീറ്റ് (നീം) സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി സംരംഭകര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ഉന്നത തല നിക്ഷേപക കൗണ്‍സില്‍ രൂപീകരിക്കും. എല്ലാ വിധത്തിലും കേരളം അതി വേഗം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യം ഉപയോഗപ്പെടുത്തി വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും പ്രവാസി സംരംഭകര്‍ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഗൾഫിലെ വ്യവസായികൾക്കു കേരളത്തിന്‍റെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ദുബൈയിൽ എൻ.ആർ.കെ എമർജിങ് ‘ഓൺട്രപ്രണേഴ്സ് മീറ്റ്’ എന്ന പേരിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. കേരളത്തിൽ വ്യവസായ നിക്ഷേപത്തിനു ഏറ്റവും മികച്ച അവസരമാണെന്നും അത് പ്രയോജനപ്പെടുത്തണമെന്നും പ്രവാസി മലയാളികളായ വ്യവസായികളെ അഭിസംബോധന ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

വിനോദസഞ്ചാരം, ആരോഗ്യം, വ്യവസായം, ഐടി തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തിൽ നിക്ഷേപത്തിനു അവസരങ്ങളുണ്ട്. ദുബായിലെ സ്വകാര്യ ഹോട്ടലിൽ നടന്ന സംഗമത്തിൽ ഇരുന്നൂറോളം വ്യവസായികൾ പങ്കെടുത്തു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.പി.ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, പ്രമുഖവ്യവസായികളായ എം.എ.യൂസഫലി, ഡോ.ആസാദ് മൂപ്പൻ, രവി പിള്ള , പി വി അബ്ദുൽ വഹാബ് തുടങ്ങിയവരും പങ്കെടുത്തു.

Top