സൗദിയില്‍ ബാങ്കിംഗ് മേഖലയില്‍ നിക്ഷേപത്തില്‍ ഈ വര്‍ഷം വര്‍ധനവ്

റിയാദ്: സൗദിയില്‍ ബാങ്കിംഗ് മേഖലയില്‍ ഈ വര്‍ഷത്തെ രണ്ടാം പാദ റിപ്പോര്‍ട്ടില്‍ നിക്ഷേപത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ബാങ്കുകളിലെ നിക്ഷേപം വര്‍ധിച്ചത് രാജ്യത്തിന്റെ സമ്പദ് ഘടനക്ക് കരുത്ത് പകരും.

ദേശീയ ബാങ്കായ സാമയാണ് ഈ വര്‍ഷത്തെ രണ്ടാം പാദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപങ്ങളിലാണ് ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒമ്പത് ശതമാനത്തിന്റെ വളര്‍ച്ചയാണ് രണ്ടാം പാദത്തില്‍ ഉണ്ടായത്. 151.5 ബില്യണ്‍ റിയാലിന്റെ അധിക നിക്ഷേപമാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ബാങ്കുകളിലെ ആകെ നിക്ഷേപം 1.8 ട്രില്യണ്‍ കടന്നു.

ഡിമാന്റ് ഡെപ്പോസിറ്റ്, സേവിംഗ്സ് ഡെപ്പോസിറ്റ്, വിദേശ കറന്‍സികളിലുള്ള ഡെപ്പോസിറ്റ് എന്നിവയാണ് പ്രധാനമായും രാജ്യത്തുള്ളത്. ഇവയില്‍ ഡിമാന്റ് ഡെപ്പെസിറ്റില്‍ 13.5 ശതമാനവും സേവിംഗ്സ് നിക്ഷേപങ്ങളില്‍ 1.4 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ വിദേശ കറന്‍സികളിലുള്ള നിക്ഷേപത്തില്‍ 8.2 ശതമാനത്തിന്റെ കുറവാണുണ്ടായത്.

Top