എസ്.പിക്കെതിരെ കൊലക്കുറ്റം ചുമത്തി ജയിലില്‍ അടക്കാന്‍ ധൈര്യമുണ്ടോ ഐ.ജി ?

AV George

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണ കേസില്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിനെ സംരക്ഷിക്കാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം ?

എസ്.പിയുടെ നിര്‍ദ്ദേശമില്ലാതെ ഒരടി പോലും അനങ്ങാന്‍ പറ്റാത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പൊലീസുകാരെയും എസ്.ഐ ദീപക്, സി.ഐ ക്രിസ്പിന്‍ സാം, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സി.പി.ഒ സന്തോഷ് ബേബി എന്നിവരെ മാത്രമാണ് ഇപ്പോള്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

ശ്രീജിത്തിനെ വീട്ടില്‍ പോയി കസ്റ്റഡിയില്‍ എടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെ നിയന്ത്രിക്കുന്ന എസ്.പി എ.വി ജോര്‍ജ്ജിനെതിരെ ഒരു നടപടിയും അന്വേഷണ സംഘം ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംഭവത്തില്‍ പങ്കാളിയല്ലാത്ത സി.ഐയെ പോലും ‘ബലിയാടാക്കി’യിരിക്കുകയാണ്.

കസ്റ്റഡി മരണങ്ങളും മറ്റും സംഭവിച്ചാല്‍ ഉത്തരവാദി സി.ഐമാര്‍ ആയിരിക്കുമെന്ന ഡി.ജി.പി ലോക് നാഥ് ബഹ്‌റയുടെ മുന്‍ ഉത്തരവാണ് സി.ഐക്ക് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. മികച്ച ട്രാക്ക് റെക്കാര്‍ഡുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഗൃഹനാഥന്‍ മരിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള പറവൂര്‍ സി.ഐ ഇല്ലാതെയാണ് രാത്രി പത്തു മണിയോടെ എസ്.പിയുടെ സ്‌പെഷ്യല്‍ ടീം ശ്രീജിത്തിനെയും സഹോദരന്‍ സജിത്തിനെയും അറസ്റ്റ് ചെയ്തത്.

ഇത്തരം സ്‌പെഷ്യല്‍ ടീമുകള്‍ ആവശ്യമില്ലന്ന് 2010-ല്‍ അന്ന് ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നതാണ്. ആ സര്‍ക്കുലര്‍ പാലിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ഈ യുവാവ് ദാരുണമായി കൊല്ലപ്പെടില്ലായിരുന്നു.

എസ്.പിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരം തന്നെയാണ് ശ്രീജിത്തിനെ പിടികൂടാന്‍ മൂന്നംഗ സംഘം പോയത് എന്നതിനാല്‍ സസ്‌പെന്‍ഷന്‍ മാത്രമല്ല കൊലക്കുറ്റവും എസ്.പിക്ക് മേല്‍ ചുമത്തപ്പെടുമെന്നാണ് നിയമ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നത്.

ശ്രീജിത്തിനെ ആളുമാറിയാണ് പിടികൂടിയതെന്ന് വ്യക്തമായത് പൊലീസിന്റെ വാദങ്ങളെയെല്ലാം പൊളിച്ചടക്കിയിരിക്കുകയാണ്.

റൂറല്‍ എസ്.പിയുടെ പങ്ക് അടക്കം പരിശോധിക്കേണ്ടതുള്ളതിനാല്‍ സി.ബി.ഐ പോലുള്ള ഏജന്‍സി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംങ്ങ് ചെയര്‍മാനും ഇപ്പോള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

തെളിവുകള്‍ നശിപ്പിക്കപ്പെടും മുന്‍പ് എസ്.പിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. അന്വേഷണ സംഘത്തെ നിയമിച്ചു കഴിഞ്ഞതിനാല്‍ ഇവരുടെ റിപ്പോര്‍ട്ടില്ലാതെ സര്‍ക്കാറിനും എടുത്ത് ചാടി നടപടി സ്വീകരിക്കാന്‍ കഴിയില്ല.

അതേ സമയം ശ്രീജിത്തിന്റെ അറസ്റ്റ് സംബന്ധിച്ച് സി.ഐയും എസ്.ഐയും നല്‍കുന്ന മൊഴികള്‍ എസ്.പിയെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായേക്കും.

ആര് പറഞ്ഞിട്ടാണ് ശ്രീജിത്തിനെ പിടികൂടാന്‍ പോയതെന്നത് സസ്‌പെന്‍ഷനിലായ പൊലീസുകാര്‍ക്കും പറയേണ്ടിവരും.

എസ്.പിയുടെയും പൊലീസുകാരുടെയും ഈ സമയങ്ങളില്‍ വന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

നേരിട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സര്‍വീസില്‍ കയറിയ എ.വി.ജോര്‍ജ്ജ് ഇപ്പോള്‍ സീനിയര്‍ എസ്.പിയാണ്. ജനുവരിയോടെ ഡി.ഐ.ജി പ്രമോഷന്‍ കാത്ത് നില്‍ക്കുന്ന ഇദ്ദേഹം കൊച്ചി സിറ്റി കമ്മീഷണറായി നിയോഗിക്കപ്പെടുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായ ഈ സംഭവം.

ഇതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനെതിരെ പൊലീസുകാരുടെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മരണ കാരണം സ്‌റ്റേഷന് പുറത്ത് വെച്ചുള്ള മര്‍ദ്ദനമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.

റിപ്പോര്‍ട്ട് : എം വിനോദ്

Top