യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം; ഡിവൈഎസ്പി മധുരയിലേയ്ക്ക് കടന്നതായി സൂചന

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി മധുരയിലേയ്ക്ക് കടന്നതായി സൂചന. തുടര്‍ന്ന് അന്വേഷണസംഘവും മധുരയിലേയ്ക്ക് പുറപ്പെട്ടു.

നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. ഹരികുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫ് ചെയ്ത നിലയിലാണ്.

അതേസമയം ഒളിവില്‍ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനല്‍ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ മൂന്ന് മണിക്കൂര്‍ നേരം ഇന്നലെ ദേശീയ പാത ഉപരോധിച്ചിരുന്നു.

ഡിവൈഎസ്പിയുമായി റോഡില്‍ വച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷിയുടെ മൊഴി പുറത്തുവന്നിരുന്നു. സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറഞ്ഞത്. ആദ്യം ഡിവൈ എസ് പി അടിച്ചെന്നും കാര്‍ മാറ്റിയിട്ടശേഷം ചോദിക്കാനായി എത്തിയ സനലുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ സനലിനെ ഡിവൈ.എസ്.പി പിടിച്ചു തള്ളിയെന്നും റോഡിലേയ്ക്ക് വീണ സനലിനെ എതിര്‍വശത്തു നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞത്. കൊല്ലാനായി പിടിച്ചുതള്ളുകയായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു.

Top