സുരക്ഷ വീഴ്ച സംഭവിച്ചോ ? പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി : പുല്‍വാമയില്‍ ജയ്ഷ് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റേയും ടീമുകള്‍ കശ്മീരിലെത്തി. സുരക്ഷാ വീഴ്ചകളെക്കുറിച്ച് സംഘം വിശദമായി പഠിക്കും. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ നിഗമനം.

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെയുണ്ടായ എറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയിലുണ്ടായത്. ഇതിനിടയാക്കിയ വീഴ്ചകളും സുരക്ഷാപരമായ പഴുതുകളും കണ്ടെത്തിയില്ലെങ്കില്‍ ഭാവിയില്‍ സമാന ആക്രമണങ്ങള്‍ ഇനിയും അരങ്ങേറുമെന്നാണ് വിലയിരുത്തല്‍.

അന്വേഷണ ഏജന്‍സികള്‍ ഉത്തരം തേടുന്ന പ്രധാന ചോദ്യങ്ങല്‍ ഇവയാണ്. പുല്‍വാമ ആക്രമണത്തിന് രണ്ട ദിവസം മുമ്പ് ജെയ്ഷെ മുഹമ്മദ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. സമാനമായി ആക്രമണം കശ്മീരില്‍ ഉണ്ടാകുമെന്ന് വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കശ്മീര്‍ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഈ വീഡിയോ വിവിധ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടും എന്ത് കൊണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകിരിച്ചില്ല എന്നതാണ് പ്രധാന ചോദ്യം. വന്‍ തോതില്‍ സൈനികരെ കൊണ്ടു പോകുമ്പോള്‍ വിമാനമോ ഹെലികോപ്റ്ററോ ഉപയോഗിക്കാറാണ് പതിവ്.

സര്‍വീസ് റോഡ് വഴി മനുഷ്യബോംബിന് എങ്ങനെ ദേശീയ പാതയില്‍ എത്താന്‍ കഴിഞ്ഞു എന്നിങ്ങനെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തുകയാണ് അന്വേഷണ സംഘങ്ങളുടെ ലക്ഷ്യം. ഇനിയുള്ള ദിവസങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തന്‍ കഴിയുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ.

Top