ഉന്നാവോ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് യു.പി പൊലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് പൊലിസ് പ്രത്യേക സംഘം രൂപീകരിച്ചു.

സി.ബി.ഐ കേസ് ഏറ്റെടുക്കും വരെയായിരിക്കും ഇവരുടെ അന്വേഷണം. റായ്ബറേലി എ.എസ്.പി ഷാഹി ശേഖര്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്. പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിലിടിച്ച ട്രക്ക് കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം പോലീസ് നേരെത്തെ പൂര്‍ത്തീകരിച്ചിരുന്നു.

അതേസമയം പീഡനക്കേസ് പ്രതി കുല്‍ദീപുമായി ബന്ധമില്ലന്ന് അവകാശപ്പെട്ട് പെണ്‍കുട്ടിയുടെ കാറിലിടിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബം രംഗത്തെത്തി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗാറുമായി ട്രക്ക് ഡ്രൈവര്‍ക്കോ ക്ലീനര്‍ക്കോ ഉടമക്കോ ബന്ധമില്ലെന്നാണ് മൂവരുടെയും കുടുംബത്തിന്റെ വിശദീകരണം.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ് . വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് യു .പി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പ്രതികരിക്കാത്തതും പ്രതിപക്ഷ വിമര്‍ശം ശക്തമാക്കിയിട്ടുണ്ട്. ബലാല്‍സംഗക്കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് കുല്‍ദീപ് സെന്‍ഗാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈമാസം 12 ന്, കുടുംബം സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തും ഇന്നലെ പുറത്ത് വന്നിരുന്നു.

അപകടക്കേസില്‍ കുല്‍ദീപിനെതിരെ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയായ കുല്‍ദീപ് സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പി സസ്പന്‍ഡ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഭരണകൂടം കൂടി അറിഞ്ഞുകൊണ്ടുള്ള അപകടമാണിതെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Top