സിദ്ധാർത്ഥന്റെ മരണത്തിൽ തെളിവെടുപ്പ് ഇന്നും തുടരും;ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്. വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ വീണ്ടും പരിശോധിക്കാനാണ് പൊലീസിൻ്റെ നീക്കം. സിദ്ധാർത്ഥിനെ മർദ്ദിച്ച സമയത്ത് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികൾ ദൃശ്യങ്ങൾ പകർത്തിയെന്ന നിഗമനത്തിലാണിത്.

കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുക വഴി കേസിലെ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ പുറത്ത് കൊണ്ട് വരാനാകുമെന്നും പൊലീസ് കണക്ക് കൂട്ടുന്നുണ്ട്. നിലവിൽ സിദ്ധാർത്ഥനെ ഹോസ്റ്റലിൽ പരസ്യവിചാരണയ്ക്ക് വിധേയമാക്കിയ ചിത്രങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. ചിത്രങ്ങൾ മുൻനിർത്തിയാണ് പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നത്.

ഇന്നും പ്രതികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഡീനിന് എതിരായ വകുപ്പ്തല നടപടിയിലും ഇന്ന് തീരുമാനമുണ്ടാകും. ഇന്നു മുതൽ ഈ മാസം പത്ത് വരെ കോളേജിൽ ക്ലാസുകൾ ഉണ്ടാകില്ല. ഈ പാശ്ചാത്തലത്തിൽ പ്രതിപക്ഷ പ്രതിഷേധ സ്വഭാവത്തിലും മാറ്റം വരും. പ്രതിപക്ഷ യുവജന സംഘടനകൾ തിരുവനന്തപുരത്തും കണ്ണൂരിലും ഉൾപ്പെടെ സമരം കടുപ്പിക്കുന്നുമുണ്ട്.

Top