പെണ്‍കുട്ടിക്ക് നല്‍കിയ മരുന്നിന്റെ ബാച്ച് നമ്പര്‍ പരിശോധിക്കും; മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

പെണ്‍കുട്ടിക്ക് നല്‍കിയ മരുന്നിന്റെ ബാച്ച് നമ്പര്‍ പരിശോധിക്കും. അതേസമയം പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഡോക്ടര്‍ കുറിച്ച വാതത്തിനുള്ള മരുന്നിനു പകരം ഹൃദ്രോഗത്തിനുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയത്. ആരോഗ്യ നില വഷളായ വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

വാതരോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ നടത്തിവന്ന ചടയംമംഗലം സ്വദേശിയായ പതിനെട്ടുകാരിക്കാണ് മരുന്നുമാറി നല്‍കിയത്. ഡോക്ടര്‍ കുറിച്ച് നല്‍കിയ വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗികള്‍ക്ക് വേണ്ടിയുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന പെണ്‍കുട്ടിക്ക് നല്‍കിയത്.

കോഴിക്കോട്ട് എന്‍ട്രസ് കോച്ചിംഗിന് പഠിക്കുന്ന കുട്ടി മരുന്നുമാറിയത് അറിയാതെ 45 ദിവസം ഇത് കഴിക്കുകയും ചെയ്തു. ആരോഗ്യ സ്ഥിതി മോശമായപ്പോഴാണ് മരുന്നു മാറിയ കാര്യം തിരിച്ചറിഞ്ഞത്. ഫാര്‍മസിയില്‍ നിന്നുണ്ടായ ഗുരുതരമായ പിഴവില്‍ ശക്തമായ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കി.

Top