കൂടത്തായി കേസ്; ജോളിയുടെ ജാമ്യനടപടിക്കെതിരെ അന്വേഷണസംഘം

കോഴിക്കോട് : കൂടത്തായി കേസിൽ ജോളിയുടെ ജാമ്യനടപടിക്കെതിരെ അന്വേഷണസംഘം. കൂടത്തായ് കേസില്‍ ഒന്നാം പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ സംഘം സുപ്രീംകോടതിയെ സമീപിക്കും. ആറ് കേസുകളും പരസ്‍പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഒരു കേസില്‍ ജാമ്യം അനുവദിച്ചാല്‍ പോലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ നടപടി. അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസിലെ വിചാരണ നടപടികള്‍ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 26 ലേക്ക് മാറ്റി.

ഒരു കുടുംബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി അന്വേഷണ സംഘം കല്ലറകള്‍ തുറന്നത് ഒക്ടോബർ നാലിനാണ്. കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ അടക്കം ചെയ്ത സിലി, മകൾ ആൽഫൈൻ, കൂടത്തായി ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത പൊന്നാമറ്റം വീട്ടിൽ ടോം മാത്യൂ, ഭാര്യ അന്നമ്മ, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യൂ എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ഒക്ടോബർ നാലിന് പുറത്തെടുത്തത്. ഇതോടെ ആറ് മരണങ്ങളും കൊലപാതകമാണെന്ന് പുറം ലോകമറിഞ്ഞു.

14 വർഷത്തിനിടെ നടന്ന ആറ് കൊലപാതകങ്ങളുടേയും കൊലപാതക ശ്രമങ്ങളുടെയും ഞെട്ടിക്കുന്ന വിവരമാണ് ഇതോടുകൂടി പുറത്തുവന്നത്. പൊന്നാമറ്റം റോയ് തോമസിന്‍റെ ഭാര്യയായിരുന്ന ജോളി ജോസഫ് സ്വത്തിന് വേണ്ടി ഭർത്താവിനേയും രക്ഷിതാക്കളേയും സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. പിന്നീട് മഞ്ചാടിയിൽ മാത്യുവിനെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി. പിന്നീട് ബന്ധുവായ ഷാജുവിനെ വിവാഹം കഴിക്കാൻ ഷാജുവിന്‍റെ ഭാര്യ സിലിയേയും മകൾ ഒന്നര വയസ്സുകാരി ആൽഫൈനേയും സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊല്ലപ്പെട്ട റോയ് മാത്യുവിന്‍റെ സഹോദരൻ റോജോ റൂറൽ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്.ഒരു വർഷത്തിനിപ്പുറം ആറ് കൊലപാതകങ്ങളിൽ രണ്ടെണ്ണത്തിന്‍റെ വിചാരണ തുടങ്ങി. റോയ് സിലി വധക്കേസുകളിലാണ് വിചാരണ. മറ്റ് നാല് കേസുകളിലും കുറ്റപത്രവും നൽകിയിട്ടുണ്ട്.

Top