കെ സുധാകരനെതിരായ അന്വേഷണം; പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി ഹൈക്കമാന്‍ഡ്

 

ഡല്‍ഹി: കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ ചര്‍ച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ഇരു നേതാക്കളും ധരിപ്പിച്ചു. എല്ലാ കാര്യത്തിലും പൂര്‍ണ പിന്തുണയാണ് ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയത്.

 

രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ സംഘടനാ കാര്യങ്ങള്‍ക്ക് ഒപ്പം മോന്‍സനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കെ.സുധാകരനെ അറസ്റ്റ് ചെയ്തതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബോധ്യപ്പെട്ട ഹൈക്കമാന്‍ഡ് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയതായി ജന്‍പഥ് പത്തില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും വ്യക്തമാക്കി. പതിനഞ്ച് മിനുട്ട് നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പങ്കെടുത്തിരുന്നു.

 

ദേശീയ നേതൃത്വവുമായുള്ള പതിവ് കൂടിക്കാഴ്ച എന്നാണ് ഡല്‍ഹി സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കെ.സുധാകരനും വി.ഡി സതീശനും നല്‍കിയ വിശദീകരണം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ് നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കം അയഞ്ഞതോടെ ഇരുവര്‍ക്കുമേതിരെ പരാതി പറയാനായി ഡല്‍ഹിയിലെത്തുമെന്നറിയിച്ച എ,ഐ ഗ്രൂപ്പ് നേതാക്കള്‍ യാത്ര ഇതിനകം മാറ്റിവച്ചിരിക്കുകയാണ്.

 

കെ.പി.സി.സി അധ്യക്ഷന് എതിരെ കേസ് എടുത്തിട്ടും സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ യൂത്ത് കോണ്‍ഗ്രസിന് മതിയായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിഷേധത്തിനായി സംഘടന തെരഞ്ഞെടുപ്പ് മാറ്റി വെയ്‌ക്കേണ്ടതില്ലെന്ന് കെ.സുധാകരന്‍ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കേരളത്തില്‍ നേതൃമാറ്റം പരിഗണനയില്‍ ഇല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.

 

 

Top