അതാണ് ഇന്ത്യയുടെ ‘പവര്‍’ പ്രകോപനത്തിന് വന്ന ചൈനീസ് സേന മുട്ടുമടക്കി യാചിക്കുന്നു

ന്യൂഡല്‍ഹി: ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ വീമ്പിളക്കി വീരശൂര പരാക്രമികളായി ചമയുന്ന ചൈനക്ക് ഇന്ത്യന്‍ ചുണക്കുട്ടികളായ സൈനികര്‍ക്ക് മുന്‍പില്‍ അടിപതറി.

അരുണാചലിലെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് അതിക്രമിച്ച് കയറി റോഡ് നിര്‍മ്മിക്കാനുള്ള ശ്രമം ആവര്‍ത്തിക്കില്ലന്ന് വ്യക്തമാക്കിയ ചൈന ഇന്ത്യന്‍ സേന പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരിച്ചു നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രണ്ടാഴ്ച മുന്‍പ് ചൈനീസ് സൈനികരും റോഡ് നിര്‍മാണത്തൊഴിലാളികളും ഉള്‍പ്പെടുന്ന സംഘം ഒരു കിലോമീറ്ററോളം ഇന്ത്യയിലേക്കു കടന്നുകയറി സിയാങ് നദീതീരം വരെ എത്തിയിരുന്നത്. തുടര്‍ന്ന് ഈ സംഘത്തെ ഇന്ത്യന്‍ സൈന്യം ബലമായി തടയുകയും ചൈനീസ് സൈന്യത്തിന്റെ ബുള്‍ഡോസറുകളും ടാങ്കര്‍ലോറികളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ചൈനീസ് അധികൃതരെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയ ചൈനയുടെ നടപടിക്ക് അമേരിക്കയുടെ മാത്രമല്ല റഷ്യയുടെ കൂടി കടുത്ത എതിര്‍പ്പ് ഏറ്റുവാങ്ങേണ്ട സാഹചര്യമാണ് സംജാതമായിരുന്നത്.

ഇന്ത്യന്‍ സേനയാവട്ടെ ഇനി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചാല്‍ ആയുധങ്ങള്‍ കൊണ്ട് മറുപടി പറയുമെന്ന നിലപാടിലുമായിരുന്നു. ഇതോടെയാണ് കൂടുതല്‍ പ്രകോപനത്തിന് നില്‍ക്കാതെ ചൈന ഒത്തുതീര്‍പ്പിന് മുന്നോട്ടുവന്നത്.

ഇന്ത്യന്‍ സേന പിടിച്ചെടുത്ത ബുള്‍ഡോസറുകളും ടാങ്കര്‍ ലോറികളും വിട്ടു കൊടുക്കണമെന്നതു മാത്രമാണ് ചൈന ഇപ്പോള്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത്. ഇന്ത്യ ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്. ഇക്കാര്യം കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.മേലില്‍ കടന്നുകയറ്റമുണ്ടായാല്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും ഇന്ത്യന്‍ സേന വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം ആറിനാണ് അരുണാചലില്‍ അതിര്‍ത്തി സേനാംഗങ്ങളുടെ യോഗം (ബിപിഎം) നടന്നത്. ഈ യോഗത്തിലാണ് ചൈന തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും പ്രതിരോധ വിഭാഗത്തിന്റെ അനുമതിയോടെയാണ് സമവായത്തിന് അന്തിമതീരുമാനമായത്.

സിക്കിം അതിര്‍ത്തിയിലെ ദോക് ലാമില്‍ 73 ദിവസം നിണ്ടുനിന്ന യുദ്ധസമാന സാഹചര്യം അവസാനിപ്പിച്ച് ഇരുസേനകളും പിന്‍മാറി നാലുമാസത്തിനകമാണു ചൈന വീണ്ടും പ്രകോപനമുണ്ടാക്കിയിരുന്നത്. എന്നാല്‍ ഇത്തവണയും ഇന്ത്യന്‍ സേനയുടെ ചങ്കുറപ്പിന് മുന്നില്‍ അവര്‍ക്ക് പിന്മാറേണ്ടി വന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

Top