ഇനി ഹനുമാന്‍ ചാലിസ ഡല്‍ഹി മദ്രസകളിലും വരട്ടെ; കെജ്രിവാളിനോട് വിജയ്‌ വര്‍ഗ്ഗീയ

ല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ മികച്ച വിജയത്തില്‍ അരവിന്ദ് കെജ്രിവാളിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌ വര്‍ഗ്ഗീയ. ഹനുമാനില്‍ വിശ്വാസം അര്‍പ്പിക്കുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആശംസകള്‍ക്കൊപ്പം മറ്റൊരു ആവശ്യവും കൈലാഷ് വിജയ്‌ വര്‍ഗ്ഗീയ നിയുക്ത മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചു. ഡല്‍ഹിയിലെ സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസകള്‍ എന്നിവിടങ്ങളില്‍ ഹനുമാന്‍ ചാലിസ നിര്‍ബന്ധമാക്കണമെന്നാണ് ബിജെപി നേതാവിന്റെ ആവശ്യം.

‘ഹനുമാന്‍ ചാലിസ പാടുന്നത് സ്‌കൂളുകളിലും, മദ്രസകളിലും, ഡല്‍ഹിയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കാന്‍ സമയമായി. ബജ്‌റംഗ്ബലിയുടെ അനുഗ്രഹം ഡല്‍ഹിയിലെ കുട്ടികള്‍ക്ക് എന്തിന് കുറയ്ക്കണം’, വിജയ്‌ വര്‍ഗ്ഗീയ ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം ചൂടിയ ശേഷം കൊണാട്ട് പ്ലെയ്‌സിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ അരവിന്ദ് കെജ്രിവാള്‍ ദര്‍ശനം നടത്തി.

കുടുംബവും, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കെജ്രിവാളിനെ അനുഗമിച്ചു. ഹിന്ദുവാണെന്നതിന് ബിജെപിയുടെ പ്രോത്സാഹനം ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് കെജ്രിവാള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ ഹനുമാന്‍ ചാലിസ ആലപിക്കുകയും ചെയ്തു.

എഎപി നല്‍കിയ സൗജന്യങ്ങളാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം സമ്മാനിച്ചതെന്ന് മത്സരഫലം പുറത്തുവന്ന ശേഷം വിജയ്‌ വര്‍ഗ്ഗീയ പ്രതികരിച്ചിരുന്നു.

Top