കേരളത്തിന്റെ ധൈര്യമാണ് പിണറായി, ബി.ജെ.പിക്ക് താക്കീത് നൽകി റിയാസ് . .

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ മതനിരപേക്ഷ മനസ്സുകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഇന്ന് ഒരു ധൈര്യമാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്. എക്‌സ് പ്രസ്സ് കേരളക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന് ഹോര്‍ലിക്‌സ് കൊടുത്ത് ഉഷാറാക്കുന്ന പണിയാണ് ജമാഅത്തെ ഇസ്ലാമി എടുത്ത് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:-

ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകനായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തിലിറങ്ങിയത് വെല്ലുവിളിയായിരുന്നുവോ?

പിതാവ് ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍, ഞാന്‍ സമര രംഗത്തും സംഘടനാ പ്രവര്‍ത്തന രംഗത്തും ഇറങ്ങുമ്പോള്‍ ഒരു തരത്തിലുള്ള തടസവും ഉണ്ടായിട്ടില്ല. എനിക്ക് എന്റേതായ സ്വതന്ത്ര അഭിപ്രായങ്ങള്‍, അതുപോലെ കാര്യങ്ങള്‍ തെരഞ്ഞെടുക്കുവാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഒക്കെതന്നെ അദ്ദേഹം നല്‍കിയിരുന്നു. കുടുംബം പരിപൂര്‍ണമായി അത്തരം ഒരു പിന്തുണ നല്‍കിയിരുന്നുവെന്നത് എടുത്തുപറയേണ്ടൊരു കാര്യമാണ്.

കോളേജിലെ സംഘനാ പ്രവര്‍ത്തനം?

ഞാന്‍ ഫറൂഖ് കോളേജില്‍ ചേരുന്ന സമയത്ത് ഒന്‍പത് ജനറല്‍ സീറ്റില്‍ ഒന്‍പതിലും എസ്.എഫ്.ഐ പരാജയപ്പെടുന്ന സ്ഥിതിയാണുണ്ടായത്. അതിന് മുമ്പും എസ്എഫ്‌ഐ പരാജയപ്പെടുന്ന സ്ഥിതിയാണുണ്ടായിരുന്നത്. എംഎസ്എഫിന് സ്വാധീനമുള്ള ഒരു കാമ്പസായിരുന്നു അത്. വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് എല്ലാ നിലയിലും ഇവിടെ സ്വാധീനമുണ്ടായിരുന്നു. പ്രീഡിഗ്രീ ഒന്നാം വര്‍ഷം അവിടെ റപ്പായി മത്സരിച്ച് ഞാന്‍ വിജയിച്ചപ്പോള്‍ ക്ലാസ് റപ്രസന്റേറ്റീവ് പോലും എസ്എഫ്ഐ വിജയിച്ചത് ഒന്നോ രണ്ടോ പേരായിരുന്നു.അതേ കാമ്പസില്‍ ഡിഗ്രി ഫൈനലിയറായപ്പോള്‍ ഞങ്ങുടെ ആ ഒരു തലമുറ കോളേജ് യൂണിയന്‍ തന്നെ പിടിച്ചെടുക്കുകയുണ്ടായി. ക്ലാസ് റപ്രസന്റേറ്റീവും അസോസിയേഷന്‍ സെക്രട്ടറിമാരുമൊക്കെ എസ്എഫ്ഐ തന്നെ വിജയിക്കുന്ന ഒരു സ്ഥിതിയാണുണ്ടായത്. അത് പൊതുവെ ദൈനംദിനം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ എസ്എഫ്‌ഐ ഇടപെട്ടതിന്റെ ഭാഗമായി കിട്ടിയ അംഗീകാരമാണ്. പിന്നെ കേരളത്തിലെ രാഷ്ട്രീയ മാറ്റവും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. 1997ലാണ് ഈ നിലയില്‍ വലിയ വിജയം ഉണ്ടായിട്ടുള്ളത്.

ഡിവൈഎഫ്‌ഐയുടെ ഇപ്പോഴത്തെ ശക്തി എന്താണ്?

ദേശീയ തലത്തില്‍ നമ്മള്‍ പരിശോധിച്ചാല്‍, ഇന്ത്യയില്‍ ഏറ്റവുമധികം മെമ്പര്‍ഷിപ്പുള്ള യുവജന പ്രസ്ഥാനം ഡിവൈഎഫ്‌ഐ തന്നെയാണ്. പക്ഷേ ഡിവൈഎഫ്‌ഐയ്ക്ക് ഒരു പാട് സ്ഥലങ്ങളിലിനിയും എത്തിപെടേണ്ടതുണ്ട്. ഞങ്ങള്‍ തുടക്കത്തിലെ കൊച്ചി അഖിലേന്ത്യാ സമ്മേളനത്തിന് ശേഷം നിശ്ചയിച്ചത് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സമയബന്ധിതമായി ചടുലമായി ഡിവൈഎഫ്‌ഐ നേതൃത്വം എത്തി ഇടപെട്ട് അത് പ്രക്ഷോഭമാക്കി മാറ്റുക എന്നതായിരുന്നു. പ്രത്യേകിച്ച് പുതിയ കാലത്ത് സാമൂഹ്യമാധ്യമങ്ങളുടെയൊക്കെ ഇടപെടല്‍ അത് അനിവാര്യമാക്കുകയും ചെയ്തു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത്തരം ഇടപെടല്‍ ഡിവൈഎഫ്‌ഐ നടത്തിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ ഡിവൈഎഫ്‌ഐയ്ക്ക് വലിയ സ്‌പെയിസാണുള്ളത്. പക്ഷേ ആ സ്‌പെയിസിന്റെ പത്തിലൊന്നു പോലും സംഘടനാ സ്വാധീനം ഇപ്പോഴില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. അത് ഡിവൈഎഫ്‌ഐയ്ക്ക് മാത്രമല്ല, ഇടത് പക്ഷ പ്രസ്ഥാനത്തിലും അങ്ങനെതന്നെയാണ്. പക്ഷേ സംഘടനയെ വിപുലപ്പെടുത്തിയാല്‍ തീര്‍ച്ചയായും ഈ സ്‌പെയിസ് ഉപയോഗിക്കാന്‍ പറ്റും. അതിന് വിഷയങ്ങളില്‍ സമയബന്ധിതമായി ഇടപെടുക എന്നുള്ളത് തന്നെയാണ് മാര്‍ഗ്ഗം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതവര്‍ഗ്ഗീയതയും ജാതീയതയും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം യുവജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മ, ഇന്ത്യയിലാണുള്ളത്. തൊഴിലില്ലായ്മയ്‌ക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ അണിനിരക്കേണ്ടവരാണ് ഇന്ത്യയിലെ യുവത്വം. കാരണം അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതാണത്. ഒരു വര്‍ഷം പുറത്തിറങ്ങുന്ന പതിനഞ്ച് ലക്ഷം എഞ്ചിനിയര്‍മാരില്‍ ഒന്‍പത് ലക്ഷം എഞ്ചിനിയര്‍മാര്‍ക്കെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഇന്ത്യയില്‍ തൊഴിലുകിട്ടുന്നുള്ളൂ. ഇത് എഐസിറ്റിഇയുടെ റിപ്പോര്‍ട്ടിലുമുണ്ട്.

ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍ അവരിലൊക്കെ ഭൂരിപക്ഷവും യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില് കിട്ടാത്തവരാണ്. സ്വാഭാവികമായും ഇവരൊക്കെ തന്നെ തൊഴിലില്ലായ്മയ്‌ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ അണിനിരക്കേണ്ടവരാണ്.

മതവര്‍ഗ്ഗീയത ഇല്ലാതാക്കണമെങ്കില്‍ കേവലം മതവര്‍ഗ്ഗീയതയ്‌ക്കെതിരായ സമരം മാത്രം ഏറ്റെടുത്താല്‍ പോര ദൈനന്തിന ജീവല്‍ പ്രശ്‌നങ്ങളാണ് യഥാര്‍ത്ഥ വിഷയമെന്ന് അവരെ ബോധ്യപ്പെടുത്തി മത വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള സമരത്തെ ദൈനന്തിന ജീവല്‍ പ്രശ്‌നങ്ങളുമായുള്ള സമരവുമായി കോര്‍ത്തിണക്കുക എന്നുള്ള ഉത്തരവാദിത്വമാണ് ഡിവൈഎഫ്‌ഐയ്ക്കുള്ളത്. അതില്‍ ഡിവൈഎഫ്‌ഐ ഒരു കാലത്ത് വിജയിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെ വിജയിച്ചാല്‍ ഇന്ത്യയില്‍ മതവര്‍ഗ്ഗീയത ഇല്ലാതാകുന്ന സ്ഥിതി വരും. ഇവിടെ സോഷ്യലിസ്റ്റ് ആശയഗതിയ്ക്ക് സ്വാധീനം ചെലുത്താനും കഴിയും. ആ നിലയിലേയ്ക്കാണ് ഞങ്ങളിപ്പോള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്.

കേരളത്തിലെ സംഘടന?

കേരളത്തിലെ ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ഡിവൈഎഫ്ഐ ഘടകങ്ങള്‍ക്ക് മാതൃകയാണ്. പരിസ്ഥതി പ്രശ്നത്തില്‍ ഡിവൈഎഫ്ഐ ഒരു പ്രത്യേക ക്യാമ്പ് തന്നെ സംഘടിപ്പിച്ചു. അരാജകത്വ പ്രവണതകള്‍ക്കെതിരെ പ്രത്യേകിച്ച് മയക്കുമരുന്ന്, മദ്യം ഇവക്കെതിരെ ഡിവൈഎഫ്ഐ ശരിയായ നിലപാട് കൈകൊണ്ടു. സേവനമേഖലകളെ ശക്തിപ്പെടുത്താന്‍ ധര്‍മ്മാശുപത്രികള്‍ സംരക്ഷിക്കാന്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ സംരക്ഷിക്കാന്‍ ഒട്ടേറെ പരിപാടികള്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ചു. ഏറ്റവും അധികം രക്തം നല്‍കുന്ന സംഘടനയായി ഡിവൈഎഫ്ഐ മാറി. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഡിവൈഎഫ്ഐ ശക്തമായാണ് ഇടപെട്ടത്.

സിഎഎ വിഷയം വന്നപ്പോള്‍ ഡിവൈഎഫ്ഐ കേരളത്തില്‍ ആകെ നടത്തിയ ഇടപെടലുകളും മാതൃകാപരമാണ്. ബില്ല് അവതരിപ്പിച്ച ദിവസം അര്‍ധരാത്രി തന്നെ ഡിവൈഎഫ്ഐ വളന്റിയര്‍മാര്‍ ശക്തമായി രംഗത്തിറങ്ങി. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യൂത്ത് മാര്‍ച്ചുകള്‍ മാതൃകാപരമാണ്. കേരളത്തിലാകെ ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് നടത്തി, സംസ്ഥാന സെക്രട്ടറിയുടെയും പ്രസിഡന്റിന്റേയും നേതൃത്വത്തില്‍ വാഗണ്‍ കൂട്ടക്കൊല നടന്ന തിരൂരിലെ കേന്ദ്രത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് രാജ്യത്തിന്റെ സ്വാതന്ത്യസമര പോരാട്ടത്തിന്റെ നിര്‍ണായക പങ്ക് വഹിച്ച പ്രദേശമായ കോഴിക്കോട്ടെ കടപ്പുറത്താണ് സമാപിച്ചത്.

ഇന്ത്യയിലെ പോരാട്ടങ്ങള്‍ക്ക് ജനാധിപത്യപരമായി കരുത്ത് പകര്‍ന്ന നിലപാട് കൈകൊണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കോഴിക്കോട്ടെ സംഗമത്തില്‍ പങ്കെടുത്തു. പതിനായിരക്കണക്കിന് ആളുകളാണ് കടപ്പുറത്തെ പരിപാടിയില്‍ പങ്കാളികളായത്. അത് ഡിവൈഎഫ്ഐ ഇന്ത്യയില്‍ ഇത്തരം പോരാട്ടങ്ങള്‍ക്ക് നല്‍കിയ ഒരു ഊര്‍ജ്ജം തന്നെയാണ്.

ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തിനെതിരെ കേരളത്തിലെ ഡിവൈഎഫ്ഐ നടത്തിയ ലോങ് മാര്‍ച്ചും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് മാതൃകാപരമായിരുന്നു. അങ്ങനെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഡിവൈഎഫ്ഐ ഇപ്പോള്‍ പുതിയ മേഖലകളിലേക്കും കടന്നു വരുന്നുണ്ട്.

ജെഎന്‍യു വിഷയം?

ഇന്ത്യയിലിപ്പോള്‍ സ്വേച്ഛാധിപത്യപരമായ ഇടപെടലാണ് നടന്നുകൊണ്ടിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയെ, അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ള കേന്ദ്രമായി കേന്ദ്ര ഗവമെന്റ് തെരഞ്ഞെടുക്കാന്‍ കാരണം ഇന്ത്യയുടെ തലസ്ഥാനത്തെ, സമരങ്ങളുടെ തലസ്ഥാനമാണ് ജെഎന്‍യു എന്നുള്ളതുകൊണ്ടാണ്.

ജെഎന്‍യുവില്‍ നിന്ന് ഉയര്‍ന്നുവരുന്ന മുദ്രാവാക്യങ്ങള്‍ ഇന്ത്യയിലെ ഭരണാധികാരികളുടെ ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ടാണ് ജെഎന്‍യു കാമ്പസിനെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ, അത്യാവശ്യം വായിക്കുകയും പഠിക്കുകയും ചെയ്യുന്ന കുട്ടികളുടെ കലാലയമാണ് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല. അതിന്റെ മഹത്വം ഇന്ത്യ പലകുറി കണ്ടതുമാണ്.

എന്നാല്‍ അവിടെ വളരുന്ന തലമുറയെ എന്നും ഭയപ്പെടുന്നവരാണ് ഇന്ത്യ ഭരിക്കുന്നവര്‍. അവര്‍ക്ക് വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ആശയത്തെ പേടിയാണ്. ഇന്ത്യ ഭരിക്കുന്നവരുടെ ആശയം ഒരിക്കലും ജനാധിപത്യത്തേയോ വായനയേയോ അംഗീകരിക്കുന്നതല്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായും ജെഎന്‍യുവിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും അവര്‍ നടത്തുന്നു. വിദ്യാര്‍ത്ഥികളെ വേണമെങ്കില്‍ അക്രമിക്കാന്‍ പറ്റും, അവരുടെ ശരീരത്തില്‍ നിന്നും ചോര ചീന്താന്‍ സാധിക്കുമായിരിക്കും പക്ഷെ അവരെ തോല്‍പിക്കാനാവില്ല. കാരണം അവിടെ വിദ്യാര്‍ത്ഥികള്‍ ശരിയായ രാഷ്ട്രീയം നെഞ്ചേറ്റി മുദ്രാവാക്യം വിളിച്ച് മുന്നോട്ട് പോകുന്നവരാണ്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ പൊരുതും, ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ വളര്‍ത്തുന്ന രാഷ്ട്രീയം ഭാവിയില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്യും.

നരേന്ദ്രമോഡിക്കും കൂട്ടര്‍ക്കും അധികാരമുണ്ടാകാം, അവരുടെ കയ്യില്‍ ആയുധമുണ്ടാകാം പക്ഷെ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ ശരിയുടെ രാഷ്ട്രീയമുണ്ട്. അവര്‍ പൊരുതും, അവര്‍ വിജയിക്കും ഒരു സംശയവുമില്ല അതാണ് രാജ്യം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

പൊലീസ് നോക്കിനില്‍ക്കെ, ആര്‍എസ്എസിന്റെ പ്രൈവറ്റ് ആര്‍മി ജെഎന്‍യുവില്‍ കയറി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത് സ്വകാര്യ പട്ടാളത്തിന്റെ ഇടപെടലാണ്. ഇതു തന്നെയാണ് മംഗലാപുരത്തും നടന്നത്. മൂന്നൂറ് പേര്‍ പങ്കെടുത്ത പ്രകടനത്തിലേക്ക് പൊലീസ് വെടിയുതിര്‍ത്തു. രണ്ട് ചെറുപ്പക്കാരെ വെടിവെച്ച് കൊലപ്പെടുത്തി. കൂടാതെ, കടകമ്പോളങ്ങള്‍ അടിച്ചു തകര്‍ക്കാനും ഒരു പ്രത്യേക മത വിഭാഗത്തിന്റെ വീടുകള്‍ തെരഞ്ഞ് പിടിച്ച് അക്രമിക്കാനും നേതൃത്വം കൊടുത്തു. ഇതെല്ലാം സ്വകാര്യ പട്ടാളം തന്നെയായിരുന്നു ചെയ്തത്. അവിടെയും പൊലീസ് നോക്കി നിന്നു.

സിഎഎ/ എന്‍ആര്‍സി?

പാകിസ്ഥാന്‍ ഒരു മത രാഷ്ട്രമാണ്, എന്നാല്‍ ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. ഒരു പ്രത്യേക മതവിഭാഗത്തോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ അവര്‍ മതനിരപേക്ഷ ഇന്ത്യയെയാണ് തെരഞ്ഞെടുത്തത്. അങ്ങനെയുള്ള ഇന്ത്യയില്‍ പൗരത്വം മതാടിസ്ഥാനപ്പെടുത്തി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

പൗരത്വ വിഷയത്തില്‍ ആര്‍എസ്എസിന്റെ അജണ്ടയാണ് ബിജെപി നടപ്പിലാക്കുന്നത്. ആര്‍എസ്എസ് തലവന്റെ ഹോളി ലാന്‍ഡോ മദര്‍ ലാന്‍ഡോ പൗരത്വത്തില്‍ ബാക്കിയുള്ളവരെല്ലാം രണ്ടാത്തരക്കാരായാണ് കാണുന്നത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ആശയമാണ് ഹിന്ദു മതത്തിനുള്ളത്. അതുകൊണ്ടുതന്നെ ആര്‍എസ്എസിന്റെ ഹിന്ദുത്വ ആശയത്തെ ഹിന്ദു മതം ഒരിക്കലും അംഗീകരിക്കുകയില്ല.

bjp -rss,

രാജ്യത്തിന്റെ ഭരണഘടനയെ കുറിച്ചും ആര്‍എസ്എസ് തുടക്കത്തിലെ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. 1949 നവംബര്‍ 30ന് ആര്‍എസ്എസിന്റെ മൗത്ത്പീസായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലില്‍ ഭരണഘടന അംഗീകരിക്കേണ്ടതില്ല എന്ന ലേഖനം വരെ എഴുതിയിട്ടുണ്ട്. മാത്രമല്ല ഭരണഘടനയെ കുറിച്ച് പലതവണ ആര്‍എസ്എസ് ഈ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരം എടുത്ത് പരിശോധിച്ചാല്‍ അതില്‍ ഒറ്റുകാരുടെ റോളാണ് ആര്‍എസ്എസിനുള്ളത്. ആര്‍എസ്എസ് ആണ് ഇന്ത്യ എല്ലാവരുടേതുമല്ല എന്ന് ഇപ്പോള്‍ പറയുന്നത്.

കോളനിവാഴ്ച കാലത്ത് ബ്രിട്ടീഷുകാരുടെ പാദസേവ നടത്തുന്നതിന്റെ ഭാഗമായി ബൂട്ട് പോളിഷിങ് നടത്തിയ നാവു കൊണ്ടാണ് അവര്‍ പറയുന്നത് ഇന്ത്യ എല്ലാവരുടേയും അല്ല എന്ന്. എന്നാല്‍ കോളനി വാഴ്ച കാലത്ത് പോരാട്ടത്തിന്റെ ഭാഗമായി തൂക്കുമരത്തില്‍ കേറുമ്പോഴും ഈഗുലാബിന്റെ മുദ്രാവാക്യങ്ങള്‍ വിളിച്ച പോരാളികളുടെ നാവുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് ഇന്ത്യ എല്ലാവരുടേതുമാണ് എന്ന്. ഞങ്ങള്‍ പറയുന്ന മുദ്രാവാക്യം അംഗീകരിക്കും. ഞങ്ങളുടെ നാവിനോടൊപ്പം ഇന്ത്യയുടെ നാവും ചലിക്കും. ഞങ്ങളുടെ നാവ് ഞങ്ങളുടെ സ്വരം ഇന്ത്യയുടെ സ്വരമായി മാറുക തന്നെ ചെയ്യും.

മറ്റു യുവജന സംഘടനകള്‍?

ഇന്ത്യയുടെ പൊതുഖജനാവിനെ കൊള്ളയടിക്കുന്നൊരു നയം, ഇന്ത്യയിലേക്ക് പരവതാനി വിരിച്ച് സ്വീകരിച്ച പ്രധാനമന്ത്രി നരസിംഹ റാവുവും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസുമാണ്. എന്നാല്‍ ഈ നയത്തിനെ തള്ളിപ്പറയാന്‍ യൂത്ത് കോണ്‍ഗ്രസ് പോലും തയ്യാറാകുന്നില്ല. പിന്നെ എങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസിന് ഇന്നത്തെ സമരത്തില്‍ ഒരു ശരിയായ നിലപാട് സ്വീകരിക്കാന്‍ പറ്റുക?

സിഎഎ സമരത്തില്‍ എല്ലാവരുമായി കൈകോര്‍ക്കണം, അതുകൊണ്ട് ഈയൊരു ഘട്ടത്തില്‍ ഇവര്‍ക്കെതിരെ ഒന്നും പറയുന്നില്ല. കേരളത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് മുഖ്യമന്ത്രി എടുത്തിട്ടുള്ള സമീപനത്തോടൊപ്പം നില്‍ക്കേണ്ട ഘട്ടമാണിപ്പോള്‍. എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കന്മാര്‍, പ്രത്യേകിച്ച് കെപിസിസി പ്രസിഡന്റിനെ പോലെയുള്ളവര്‍ അന്തമായ മാര്‍ക്സിസ്റ്റ് വിരോധത്തിന്റേയും ഇടതുപക്ഷ വിരോധത്തിന്റേയും ഭാഗമായി എടുക്കുന്ന നിലപാട്, അത് ഈ കാലത്ത് ഒരു ജനാധിപത്യ പ്രസ്ഥാനവും എടുക്കാന്‍ പാടില്ലാത്ത നിലപാടാണ്.

കേരളത്തില്‍ നിയമസഭ പ്രമേയം അവതരിപ്പിച്ച് അംഗീകരിച്ചത് പോലെ, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും നിയമസഭകളെ കൊണ്ട് പ്രമേയം അവതരിപ്പിക്കാന്‍ പറയണം. മുല്ലപ്പള്ളി രാമചന്ദ്രന്‍ ശരിക്കും ശക്തമായ നിലപാട് എടുക്കേണ്ടത് ഇക്കാര്യത്തിലാണ്. ഒരു ഭരണഘടനാ വിരുദ്ധ നിലപാട് ഒരു ലോകസഭ എടുക്കുമ്പോള്‍ ലോകസഭയെ ചോദ്യം ചെയ്യാന്‍ നിയമസഭയ്ക്ക് അവകാശമുണ്ട്. ഒരു ഭരണഘടനാ വിരുദ്ധ നിയമം ലോകസഭാ കേവല ഭൂരിപക്ഷം വെച്ച് പാസാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാനും പ്രമേയം അവതരിപ്പിക്കാനും ഭരണഘടന നിയമസഭകള്‍ക്ക് അവകാശം നല്‍കുന്നുണ്ട്. നിയമസഭയുടെ പ്രമേയം ഈ നിയമത്തിന് മുകളിലല്ല, അല്ലെങ്കില്‍ നിയമത്തെ ഇല്ലാതാക്കാന്‍ കഴിയുന്നതുമല്ല. പക്ഷെ ഇതുപോലെയുള്ള പ്രമേയങ്ങളാണ് പോരാട്ടത്തെ ശക്തിപ്പെടുത്തുക. ആ നിലയില്‍ കോണ്‍ഗ്രസ് എന്തുകൊണ്ട് പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറാകുന്നില്ല എന്നത് വ്യക്തമാക്കുക തന്നെവേണം.

പൗരത്വ വിഷയത്തില്‍ മുസ്ലീം ലീഗ് എടുക്കുന്ന നിലപാടുകള്‍ മാതൃകാപരമാണ്. യഥാര്‍ത്ഥത്തില്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും സംഘപരിവാര്‍ ആഗ്രഹിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഒരു ‘പ്രത്യേക മതത്തിന്റെ പ്രശ്നമാണ്, ഒരു പ്രത്യേക മതം മാത്രം സംഘടിക്കേണ്ടതാണെന്ന് പറഞ്ഞ്’ മത -സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ഇത് ശരിക്കും സംഘപരിവാറിനെ സഹായിക്കലാണ്.

സംഘപരിവാര്‍ ആകെ പ്രയാസപ്പെട്ടു നില്‍ക്കുമ്പോള്‍ അവര്‍ക്ക് ഹോര്‍ലിക്സ് കൊടുത്ത് അവരെ ഉഷാറാക്കുന്ന പണിയാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി ചെയ്തുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥിത്തില്‍ ഈ ജമാഅത്തെ ഇസ്ലാമിയും ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ?

ഇവിടെ ഒരു ഭാഗത്ത് ഭരണഘടനയെ അംഗീകരിക്കാത്തവരും, മതരാഷ്ട്രം ആഗ്രഹിക്കുന്നവരുമാണെങ്കില്‍, അതില്‍ ആര്‍എസ്എസുമുണ്ട് ജമാഅത്തെ ഇസ്ലാമിയുമുണ്ട് മറ്റ് എക്സ്ട്രീം ഗ്രൂപ്പുകളുമുണ്ട്.

മുസ്ലീം സമുദായം പൊതുവെ മതതീവ്രവാദത്തിനെതിരെയും എല്ലാവരും ഒരുമിച്ച് സമരം ചെയ്യണമെന്ന നിലപാടുകളുമാണ് എടുക്കുന്നത്. എന്നാല്‍ അവിടേയും ചില അന്തമായ മാര്‍ക്സിസ്റ്റ് വിരോധികളുണ്ട്, ചില എക്സ്ട്രീം അഭിപ്രായമുള്ളവരുണ്ട്. അതായത് തീവ്രവാദ ആശയഗതിയോട് യോചിക്കുന്ന ചിലരെങ്കിലും ഉണ്ട് എന്നര്‍ത്ഥം. അവര്‍ ഇപ്പോള്‍ മുസ്ലീം ലീഗ് എടുക്കുന്ന നിലപാടിനെതിരെ ചില കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് മുസ്ലീം ലീഗ് നേതൃത്വം മനസിലാക്കി ഇടപെടേണ്ടതുണ്ട്. കാരണം കാലം ആഗ്രഹിക്കുന്നത് എല്ലാവരും യോചിച്ചുള്ള ഒരു പേരാട്ടം തന്നെയാണ്.

അതുകൊണ്ടുതന്നെ മതരാഷ്ട്ര വാദത്തെ അംഗീകരിക്കാത്തവര്‍, ഭരണഘടനാ തത്വങ്ങള്‍ ശരിയെന്ന് ബോധ്യപ്പെടുന്നവര്‍, മത വര്‍ഗീയതയൊക്കെ ഉല്‍പാദിപ്പിക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിലപാടുള്ളവര്‍ എന്നിവരുമായി കൈകോര്‍ക്കാന്‍ ഡിവൈഎഫ്‌ഐ തയ്യാറാണ്. യൂത്ത് കോണ്‍ഗ്രസോ യൂത്ത് ലീഗോ അതല്ലെങ്കില്‍ ഈ നിലപാടുകള്‍ അംഗീകരിക്കുന്ന മറ്റ് യുവജന സംഘടനകളുമായോ കൈകോര്‍ത്ത് പോകാന്‍ ഡിവൈഎഫ്‌ഐ തയ്യാറാണ്. ബിജെപിക്കെതിരെ എല്ലാവരും ഒന്നിക്കേണ്ട ഒരു രാഷ്ട്രീയമാണ് ഇപ്പോള്‍ അനിവാര്യമായിട്ടുള്ളത്.

മുസ്ലീം ലീഗ് നിലപാടും യു.ഡി.എഫിലെ ഭിന്നതയും?

സിഎഎ വിഷയം, മുസ്ലീം മതത്തിന്റെ മാത്രം പ്രശ്നമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. ഇപ്പോള്‍ ബിജെപി പ്രചരിപ്പിക്കുന്നത് അതാണ്, വെള്ളിയാഴ്ച സമരങ്ങള്‍ എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. വെള്ളിയാഴ്ച ജുമാ നമസ്‌കാരം കഴിഞ്ഞാല്‍ നടക്കുന്ന സമരം. പ്രധാനമന്ത്രി പറയുന്നതാകട്ടെ ചില പ്രത്യേക വേഷധാരികളുടെ സമരം എന്നുമാണ്. വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ അതിന് ശേഷം സമരത്തില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്? അവര്‍ക്ക് ജനാധിപത്യപരമായ അവകാശമില്ലേ?

അതേസമയം പള്ളികള്‍ കേന്ദ്രീകരിച്ച് മാത്രമേ സമരം നടത്താവൂ എന്ന് ആരും തന്നെ ചിന്തിക്കരുത്, അത് വലിയ അപകടമാവും.

ഇതിനെതിരായാണ് ഡിവൈഎഫ്‌ഐ നിലപാടെടുത്തിരിക്കുന്നത്. എല്ലാ വേഷധാരികളും എല്ലാ മതനാമധാരികളും എല്ലാ മതനിരപേക്ഷവാദികളും ഒത്തൊരുമിച്ച് ഈ സാഹചര്യത്തില്‍ മുന്നോട്ട് പോകേണ്ടതുണ്ട്. ഡിവൈഎഫ്‌ഐയുടെ ഈ വാദത്തോട് മുസ്ലീം ലീഗ് ഇപ്പോള്‍ യോചിക്കുന്നുണ്ടെങ്കിലും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യോചിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ യുഡിഎഫില്‍ തന്നെ അഭിപ്രായവ്യത്യാസം ഉയര്‍ന്നുവരുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള കോണ്‍ഗ്രസിലെ പല നേതാക്കന്മാരും എടുക്കുന്ന നിലപാടുകള്‍ ബിജെപിയെ സഹായിക്കുന്നതാണ്. രാജ്യം ഇപ്പോള്‍ രണ്ട് ചേരിയായി നില്‍ക്കേണ്ട സമയമാണ്. ഒന്ന് മതരാഷ്ട്രവാദികളുടെ, ഭരണഘടന അംഗീകരിക്കാത്തവരുടെ ചേരി. മറ്റൊന്ന് ഭരണഘടന അംഗീകരിക്കുന്ന മതനിരപേക്ഷ വാദികളുടെ ചേരി. ഇതില്‍ രണ്ടാമത്തെ ചേരി ദൈനംദിന ജീവല്‍ പ്രശ്നങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി പോലുള്ള പ്രശ്നങ്ങള്‍ക്കെതിരെ പോരാടുന്നവരാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നം ഇതൊക്കെയാണ് എന്ന് ബോധ്യപ്പെടുത്തി ആദ്യ ചേരിയില്‍ നിന്നുള്ളവരില്‍ നിന്ന് ആളുകളെ രണ്ടാം ചേരിയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തേണ്ടത്.

അതല്ലാതെ സിഎഎ വിഷയത്തെ ഒരു പ്രത്യേക മതവിഷയമായി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ ശരിയായ ചേരിയിലെ ആളുകള്‍ പോലും മതസമുദായ ധ്രുവീകരണത്തിന്റെ ഭാഗമായി ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അത്തരത്തിലുള്ള ഒരു ഏജന്റ് പണിയാണ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും നടത്തിവരുന്നത്.

ഇവിടെ ജമാഅത്തെ ഇസ്ലാമിയോ, എസ്ഡിപിഐയോ, ആര്‍എസ്എസോ വിലക്കയറ്റത്തിനെതിരെയോ തൊഴിലില്ലായ്മയ്ക്കെതിരെയോ സമരം നടത്തുന്നതായി ആരും തന്നെ കണ്ടിട്ടുണ്ടാകില്ല. ചില പരിശോധനകള്‍ നടത്തിയാല്‍, ഇവരുടെ പ്രിയപ്പെട്ട നയങ്ങള്‍ നടപ്പിലാക്കാന്‍, ഇവര്‍ക്ക് വരുന്ന വിദേശ ഫണ്ട് ചിലപ്പോള്‍ ഒരു അക്കൗണ്ടില്‍ നിന്ന് തന്നെയായിരിക്കും എന്ന കാര്യം കൂടി മനസിലാകും. ഈ സംഘടനകളെ ശക്തമായി എതിര്‍ക്കുകയാണ് വേണ്ടത്. ഇവരുടെ പരിപാടികളില്‍ ആരും പങ്കെടുക്കരുത്, ഇവരെ ഒറ്റപ്പെടുത്തണം ആ നിലപാടാണ് ഇനി എല്ലാവരും സ്വീകരിക്കേണ്ടത്.

മുഖ്യമന്ത്രി പിണറായിയുടെ പ്രവര്‍ത്തനം?

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വ്യക്തിയല്ല വലുത്, പ്രസ്ഥാനമാണ്. വ്യക്തി പ്രസ്ഥാനത്തിന് കീഴ്‌പെട്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐഎം. മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി, പക്ഷെ ഡിവൈഎഫ്‌ഐ എന്ന സംഘടനക്ക് കീഴ്‌പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍.

കേരളത്തിന്റെ മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്. നിശ്ചയദാര്‍ഢ്യത്തോടു കൂടി ഏവരും അംഗീകരിക്കുന്ന രീതിയില്‍ അദ്ദേഹം ആ ഉത്തരവാദിത്വം നിര്‍വ്വഹിച്ചു വരികയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് നേരത്തെ അദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നു. അതും അദ്ദേഹം ഭംഗിയായി കൈകാര്യം ചെയ്തു. പ്രതിസന്ധി ഘട്ടത്തില്‍ അടിപതറാതെ നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം പ്രസ്ഥാനത്തെ വളര്‍ത്തി മുന്നോട്ട് കൊണ്ടുപോകുന്നു. പ്രളയം വന്നപ്പോഴും കേരളത്തെ നായകനായി മുന്നില്‍ നിന്ന് നയിച്ചത് കേരളം കണ്ടതാണ്.

ജനാധിപത്യ സംരക്ഷകരായി കേരളം മാറിയപ്പോള്‍, അതിന് നേതൃത്വം കൊടുത്ത വ്യക്തി എന്ന നിലയില്‍ അദ്ദേഹം വേട്ടയാടപ്പെട്ടു. അപ്പോഴും അദ്ദേഹം ഒരടി പിറകോട്ട് പോകാത്ത നിലപാടാണെടുത്തത്. ഇതൊല്ലാം മാതൃകയാണ്. യുഡിഎഫിലെ പോലും വലിയൊരു വിഭാഗം ആളുകള്‍ കേരളത്തിലെ മുഖ്യമന്ത്രിയെ പ്രിയപ്പെട്ടവനായി ഇപ്പോള്‍ കാണുന്നുണ്ട്.

ഒരു കാലത്ത് കേരളത്തിലെ മുഖ്യമന്ത്രിയുടെ മുഖം ചാനലില്‍ കണ്ടാല്‍ റിമോര്‍ട്ട് എടുത്ത് ചാനല്‍ മാറ്റുന്ന ആള്‍ക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എപ്പോഴാണെന്ന് അറിയാന്‍ തിടുക്കം കാട്ടി ചാനല്‍ വെക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. ഇത് വലിയ മാറ്റമാണ്. മാറ്റം വ്യക്തിപരമായി അദ്ദേഹത്തിന്റെ നേട്ടമായിട്ടല്ല നോക്കി കാണുന്നത്. ഞങ്ങളുടെ രാഷ്ട്രീയത്തിന് ലഭിക്കുന്ന വലിയ സ്വീകാര്യതയാണത്.

പൗരത്വ നിയമം വന്നപ്പോള്‍ കേരളത്തിലെ മതനിരപേക്ഷ മനസുകള്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും ഒരു ധൈര്യമായിരിക്കുകയാണ്, കേരളത്തിന്റെ മുഖ്യമന്ത്രി. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്.

ഇന്റര്‍വ്യൂ തയ്യാറാക്കിയത്: എം.പി വിനോദ്
(Editor, Express Kerala)

Top