നീരവ് മോദിയുടെ സഹോദരന്‍ നെഹാല്‍ മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

ന്യൂഡല്‍ഹി: പിന്‍ബി തട്ടിപ്പ് കേസില്‍ വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ സഹോദരന്‍ നെഹാല്‍ മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് ബെല്‍ജിയം പൗരനായ നെഹാലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിറക്കിയിരിക്കുന്നത്.

നിലവില്‍ നെഹാല്‍ അമേരിക്കയിലാണെന്നാണ് റിപ്പോര്‍ട്ട്. നീരവ് മോദിക്ക് ബാങ്ക് തട്ടിപ്പ് നടത്താന്‍ നെഹാല്‍ സഹായം നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസിറക്കണമെന്നും ഈ വര്‍ഷമാദ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് നടത്തുന്നതിനും അത് മറച്ചുവെക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും നെഹാല്‍ നീരവിനെ സഹായിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്.

13600 കോടിയുടെ തട്ടിപ്പ് പുറത്തായി നീരവ് മോദി പ്രതിസന്ധിയിലായ സമയത്ത് ദുബായിലേയും ഹോങ്കോങ്ങിലേയും ഡമ്മി ഡയറക്ടര്‍മാരുടെ ഫോണുകള്‍ നശിപ്പിക്കുകയും നീരവിന് രക്ഷപ്പെടാന്‍ കൊയ്റോയിലേക്ക് ടിക്കറ്റെടുത്ത് നല്‍കിയതും നെഹാല്‍ മോദിയാണെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.

Top