ഫാഫിസ് സെയ്ദിനെതിരെ വീണ്ടും ഇന്റര്‍പോള്‍ നോട്ടീസ്

hafiz-saeed

ന്യൂഡല്‍ഹി: ലഷ്‌ക്കര്‍ ഇ തൊയിബ ഭീകരന്‍ ഹാഫിസ് സെയ്ദിനെതിരെ വീണ്ടും റെഡ് കോര്‍ണര്‍ നോട്ടീസ് അയച്ച് ഇന്റര്‍പോള്‍. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ആണ് നോട്ടീസ് പുറപ്പെടുവിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ 2009ല്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരുന്നു. നിലവില്‍ ലാഹോര്‍ ജയിലില്‍ ആണ് ഹാഫിസ് സെയ്ദ്.

2001 -ല്‍ ലഷ്‌കര്‍ നടത്തിയ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ഹാഫിസ് സയീദ്, ആ വര്‍ഷം തന്നെ വീട്ടുതടങ്കലില്‍ ആയിരുന്നു. 2002 മാര്‍ച്ചില്‍ സെയ്ദ് മോചിതനായി. 2006 -ല്‍ മുംബൈ ട്രെയിന്‍ ബോംബിങ്ങുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനക്കുറ്റം ചുമത്തി വീണ്ടും അറസ്റ്റിലായി. എന്നാല്‍ ആ കേസില്‍ തെളിവില്ലെന്ന് പറഞ്ഞു കൊണ്ട് ലാഹോര്‍ ഹൈക്കോടതി 2006 ഒക്ടോബറില്‍ സെയ്ദിനെ വീണ്ടും വിട്ടയച്ചു. 2008 ഡിസംബറില്‍ യുഎന്‍ ജമാഅത് ഉദ് ദാവയെ നിരോധിച്ചു.

സെയ്ദ് വീണ്ടും വീട്ടുതടങ്കലില്‍ ആയി. 2009 ജൂലൈയില്‍ പാക് കോടതി ഈ വീട്ടുതടങ്കല്‍ നിയമവിരുദ്ധമെന്നു കണ്ടെത്തി സെയ്ദിനെ വീണ്ടും വിട്ടയച്ചു. 2009 ഓഗസ്റ്റിലാണ് ഇന്ത്യയുടെ അപേക്ഷ പ്രകാരം ഇന്റര്‍പോള്‍ സെയ്ദിനെതിരെ ഒരു റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. 2009 സെപ്റ്റംബറില്‍ പാക് സര്‍ക്കാര്‍ വീണ്ടും സെയ്ദിനെ വീട്ടുതടങ്കലില്‍ ആക്കി. 2012 ഏപ്രിലിലാണ് 2008 -ല്‍ നടന്ന മുംബൈ ഭീകരാക്രമണക്കേസിലെ ഗൂഢാലോചനയില്‍ സെയ്ദിന്റെ പങ്ക് ചൂണ്ടിക്കാട്ടി അമേരിക്ക അയാളുടെ തലക്ക് പത്തുമില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. ഇന്ത്യ നിരന്തരം വ്യക്തമായ തെളിവുകള്‍ അന്താരാഷ്ട്ര ഫോറങ്ങളില്‍ നല്‍കിയിട്ടും ഇന്നുവരെ ഹാഫിസ് സെയ്ദിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ പാക് ഭരണകൂടം തയ്യാറായിട്ടില്ല.

 

Top