മയക്കുമരുന്ന് സംഘത്തിലെ വിദേശ മലയാളികളെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ സഹായം തേടും; ഋഷിരാജ്

rishiraj singh

കൊച്ചി: മയക്കുമരുന്ന് കടത്ത് സംഘത്തിലെ വിദേശ മലയാളികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 30 കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയത്. അഞ്ച് കിലോ മെഥലിന്‍ ഡയോക്‌സി മെതാംഫിറ്റമിനാണ് പിടിച്ചെടുത്തത്. സംസ്ഥാന എക്‌സൈസ് ഇന്റലിജന്‍സാണ് മയക്കുമരുന്ന് പിടികൂടിയത്.

മയക്കുമരുന്ന് സംഘത്തെ നിയന്ത്രിക്കുന്ന കുവൈറ്റ് മലയാളി ഭായിയേയും ദുബായി മലയാളി ബോസിനേയും പിടികൂടുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. കേരളത്തിന് പുറമേ കര്‍ണാടക തമിഴ്‌നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top