ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വേഗത കൂടിയെന്ന് റിപ്പോര്‍ട്ട്

ന്ത്യയില്‍ റെക്കോര്‍ഡ് ഇന്റര്‍നെറ്റ് വേഗതയാണ് ഓഗസ്റ്റില്‍ ഉണ്ടായത് എന്ന് ഓക്ല റിപ്പോര്‍ട്ട്. മൊബൈല്‍, ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്ക് ഇന്റലിജന്‍സ് വിഭാഗമായ ഓക്ലയുടെ ഡാറ്റ പ്രകാരം ഓഗസ്റ്റില്‍ ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് വേഗത ശരാശരി 62.45 എംബിപിഎസ് ആണ്. ഇത് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച വേഗതയാണ്. ഇതോടെ ഇന്ത്യ ആഗോള റാങ്കിങ്ങില്‍ 68-ാം സ്ഥാനത്തേക്ക് പോയെന്നും ഓക്ല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൊബൈല്‍ ഡൗണ്‍ലോഡ് വേഗതയിലും ഇന്ത്യ നേരിയ വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്. ജൂലൈ മാസത്തില്‍ മൊബൈല്‍ ഡൗണ്‍ലോഡ് വേഗത 17.77 എംബിപിഎസ് ആയിരുന്നു. ഓഗസ്റ്റില്‍ എത്തുമ്പോള്‍ അല്‍പ്പം വര്‍ധനവോടെ ഇത് 17.96 എംബിപിഎസ് ആയി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ പട്ടികയില്‍ ഇന്ത്യ 122-ാം സ്ഥാനത്ത് ആയിരുന്നു. ഇപ്പോഴിത് 126 ആണ്.

ഓഗസ്റ്റ് ഗ്ലോബല്‍ സ്പീഡ് ടെസ്റ്റ് ഇന്‍ഡക്‌സില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് യുഎഇ ആണ്. 195.52 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയാണ് യുഎഇയില്‍ ഉള്ളത്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ സിംഗപ്പൂരാണ് മുന്നില്‍. ഈ ചെറു രാജ്യത്ത് 262.20 എംബിപിഎസ് ആണ് ശരാശരി ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് വേഗത. മാര്‍ഷല്‍ ദ്വീപുകളും ക്യൂബയും ലൈബീരിയയും ഓഗസ്റ്റ് മാസത്തില്‍ മൊബൈല്‍ ഡൗണ്‍ലോഡ് വേഗതയിലും ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗത്തിലും ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയതായും ഓക്ല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസത്തെ ഡാറ്റയില്‍ ഇന്ത്യയുടെ ബ്രോഡ്ബാന്റ് വേഗത 60.06എംബിപിഎസ് ആയി വളര്‍ച്ച നേടിയെന്ന് ഓക്ല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രേഖപ്പെടുത്തിയ 40.45 എംബിപിഎസ് വേഗതയില്‍ നിന്നും ഗണ്യമായ വളര്‍ച്ചയാണ് ഈ വര്‍ഷം എത്തുമ്പോള്‍ ആയിരിക്കുന്നത്. കൊവിഡ് -19 ന്റെ രണ്ടാം തരംഗത്തിനിടെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ കൂടുതല്‍ സജീവമായതും പലതരം സ്‌പെക്ട്രം ബാന്‍ഡുകള്‍ കമ്പനികള്‍ സ്വന്തമാക്കിയതുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. കമ്പനികള്‍ക്ക് അവരുടെ നെറ്റ്വര്‍ക്ക് എസ്റ്റേറ്റുകള്‍ കൂടുതല്‍ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ് എന്നും ഓക്ല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

Top