കശ്മീരില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാം; നിരോധനം പിന്‍വലിച്ച് കശ്മീര്‍ ഭരണകൂടം

ശ്രീനഗര്‍: സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജമ്മു കശ്മീരില്‍ നിലനിന്നിരുന്ന നിരോധനം ജമ്മു കശ്മീര്‍ ഭരണകൂടം പിന്‍വലിച്ചു. ആറ് മാസത്തില്‍ കൂടുതലായി തുടരുന്ന നിരോധനമാണ് ഇപ്പോള്‍ പിന്‍വലിച്ചത്. കാശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് നടപടി. എന്നാല്‍, 2ജി വേഗതയിലാകും കേന്ദ്ര ഭരണപ്രദേശത്തെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് തല്‍കാലം ലഭ്യമാകുക. പ്രീ പെയ്ഡ് ഫോണുകളില്‍ ലഭിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് അഞ്ച് മുതലാണ് ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സംവിധാനം റദ്ദ് ചെയ്തിരുന്നത്. ഇതിനിടെ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ജനുവരിയില്‍ ഭാഗികമായി ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളിലും ഇന്റര്‍നെറ്റ് സംവിധാനം ലഭിച്ചിരുന്നു.

ജമ്മു, സംബ, കത്വ, ഉദ്ദംപൂര്‍ തുടങ്ങിയ ജില്ലകളിലാണ് ടു ജി സംവിധാനം ലഭ്യമാക്കിയിരുന്നത്. ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിച്ചതോടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന് വിലയിരുത്തിയ ശേഷമെ മറ്റ് സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Top